atl03ja

ആറ്റിങ്ങൽ: നാട്ടുകാരുടെ ഗതാഗതം തടസപ്പെടുത്തി പഞ്ചായത്ത് റോഡ് സ്വകാര്യ വ്യക്തികൾ കൈയേറുന്നതായി പരാതി. മുദാക്കൽ, നെല്ലനാട് പഞ്ചായത്തുകളുടെ അതിർത്തിയായ ചെമ്പൂര് പാലം ബസ്‌ സ്‌റ്റോപ്പിൽ നിന്ന് കാപ്പിക്കുന്നു വരെയുള്ള ഒരു കിലോമീറ്റർ നീളത്തിൽ രണ്ടര മീറ്റർ വീതിയിലുള്ള ഇട റോഡാണ് കൈയേറിയിരിക്കുന്നത്. വെള്ളാണിക്കൽ, ആലിയാട്, കുന്നത്താംകോണം, കാപ്പിക്കുന്ന് പ്രദേശവാസികൾക്ക് കാൽനടയായി ചെമ്പൂര് പാലത്തിനു സമീപമുള്ള ബസ്‌ സ്‌റ്റോപ്പിൽ എത്താനുള്ള വഴിയാണ് അന്യാധീനപ്പെട്ട് കിടക്കുന്നത്. കൈയേറിയ റോഡുകഴിഞ്ഞുള്ള ഭാഗം കാടുകയറി സഞ്ചാര യോഗ്യമല്ലാതെ കിടക്കുകയാണ്. നാട്ടുകാർക്ക് കിലോമീറ്ററുകൾ താണ്ടിയാണ് ബസ്‌ സ്‌റ്റോപ്പിൽ എത്താൻ. റോഡിനോടു ചേർന്നുള്ള തോടിന്റെ സൈഡ് വാളിന്റെ സിമെന്റ് കെട്ടിലൂടെ വളരെ പ്രയാസപ്പെട്ടാണ് നാട്ടുകാർ സഞ്ചരിക്കുന്നത്. പ്രായമുള്ളവർക്കും കുട്ടികൾക്കും ഈ യാത്ര അപകടം വിതയ്‌ക്കുന്നുണ്ട്. യാത്രക്കാർ കാൽ വഴുതി തോട്ടിൽ വീണ് പരിക്ക് പറ്റുന്നതും പതിവായിരിക്കുന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നിരവധി പേരാണ് ഇതുവഴി സഞ്ചരിക്കുന്നത്. റോഡ‌് വൃത്തിയാക്കി ടാർ ചെയ്യുകയോ കോൺക്രീറ്റ് ചെയ്യുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മുദാക്കൽ പഞ്ചായത്തിന്റെ ഭാഗത്താണ് തോടു നികത്തി കൃഷി ചെയ്‌തിട്ടുള്ളത്. പൊതു സ്ഥലങ്ങളിലും റോഡു വക്കിലുമുള്ള കൃഷിയും നിർമ്മാണവും അടിയന്തരമായി നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് അറിയിപ്പു നൽകിയിട്ടും ആരും അത് പാലിക്കുന്നില്ലെന്നും പരാതിയുണ്ട്. തോട് മുദാക്കൽ പഞ്ചായത്തിന്റെയും റോഡ് നെല്ലനാട് പഞ്ചായത്തിന്റെയും വകയാണ്. രണ്ടിന്റെയും അതിർത്തി ആയതിനാൽ തന്നെ രണ്ടു പഞ്ചായത്തും ഇവിടെ യാതൊന്നും ചെയ്യാറില്ലെന്നാണ് പരാതി.