തിരുവനന്തപുരം: ഇനി എന്തൊക്കെ സംഭവിച്ചെന്ന് പറഞ്ഞാലും ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിർക്കുന്നതിൽ നിന്ന് ഭക്തർ ഒരു കാരണവശാലും പിന്നോട്ടുപോകില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല പറഞ്ഞു. തങ്ങൾ പാലിക്കുന്ന ആചാരത്തെയും വിശ്വാസത്തെയും അവർ ജീവന് തുല്യമായാണ് കണക്കാക്കുന്നത്. ഒരു ക്ഷേത്രത്തിലെ മൂർത്തിയുടെ രൂപവും ഭാവവുമൊക്കെ നിശ്ചയിക്കപ്പെടുന്നത് ഭക്തരുടെ മനസിലാണ്. അതിന് കോട്ടം സംഭവിക്കുന്ന യാതൊന്നിനും അവർ കൂട്ടുനിൽക്കില്ല. നീതിയ്ക്കുവേണ്ടിയുള്ള ഈ പോരാട്ടത്തിൽ ഭക്തർ തോറ്റുപോയാൽ, നാളെ നമ്മുടെ നാടിന് ശാന്തിയും സമാധാനവും ഇല്ലാതാകും എന്നതിൽ ഒരു സംശയവും വേണ്ട. കെ.പി. ശശികല 'ഫ്ളാഷി'നോട് സംസാരിക്കുന്നു:
വരുന്നവരൊന്നും ഭക്തരല്ല
ശബരിമല സന്ദർശനത്തിന്റെയും അയ്യപ്പ ദർശനത്തിന്റെയും പേര് പറഞ്ഞെത്തുന്ന യുവതികളൊന്നും ഭക്തരല്ല. ശബരിമലയേയും അവിടുത്തെ ആചാരാനുഷ്ഠാനങ്ങളേയും തകർക്കുകയെന്ന വ്യക്തമായ അജണ്ടയുള്ളവരാണ് എത്തുന്നത്. ആചാര ലംഘനവും ക്ഷേത്രം തകർക്കുകയുമാണ് അവരുടെ ഉദ്ദേശം. രാത്രിയുടെ മറവിൽ ആംബുലൻസിൽ ഒളിച്ചുകടക്കുന്നവരാണോ ഭക്തർ? ട്രോളിയ്ക്ക് കൊടുക്കാൻ പണമില്ലാത്തതുകൊണ്ട് ഒന്ന് പോകാനും അയ്യനെ കാണാനും കൊതിച്ചിട്ട് അത് നടക്കാതെയിരിക്കുന്ന വൃദ്ധരായ സ്ത്രീകളുണ്ട്. അവരെയൊന്നും കൊണ്ടുപോകാതെ ആക്ടിവിസ്റ്റുകളായ ഭക്തരല്ലാത്ത മാവോവാദികളായ സ്ത്രീകളെ കൊണ്ടുപോകുന്നത് വ്യക്തമായ അജണ്ടയോടുകൂടി തന്നെയാണ്.
Read more... പ്രതിഷേധക്കാരെ വെട്ടിച്ച് മലചവിട്ടിയെങ്കിലും ബിന്ദുവിനും കനകദുർഗയ്‌ക്കും അയ്യപ്പനെ ദർശിക്കാനായില്ല!
മുഖ്യമന്ത്രി മാവോ വാദികൾക്കൊപ്പം
പൊലീസിലെ ചെറിയഭാഗം, പ്രത്യേകിച്ച് കോട്ടയം എസ്.പിയും മുഖ്യമന്ത്രിയുമാണ് ഇത്തരത്തിൽ ശബരിമലയെ തകർക്കാനെത്തുന്ന മാവോവാദികളെ ഏറ്റവുമധികം പിന്തുണയ്ക്കുന്നത്. അരാജക വാദികളുടെ നക്സലിസത്തെ എതിർത്ത് തോൽപ്പിച്ച നാടാണിത്. ഇപ്പോൾ അത് വീണ്ടും പലരൂപത്തിൽ തിരിച്ചുവരികയാണ്. അതിന് നാടിന്റെ ഭരണാധികാരിതന്നെ പിന്തുണ കൊടുക്കുകയും ചെയ്യുന്നു.
സമരവുമായി മുന്നോട്ട് തന്നെ
സമരവുമായി ശക്തമായ രീതിയിൽ മുന്നോട്ടുപോകും. ഇനിയുള്ള പരിപാടികൾ ബി.ജെ.പിയുമായി കൂടിയാലോചിച്ച് തീരുമാനിക്കും. ഇതുവരെ കേരളം കണ്ട സമര രൂപവും ഭാവവും ആയിരിക്കില്ല ഇനിയങ്ങോട്ട് ഞങ്ങളുടേത്.
ശബരിമല കർമ്മസമിതിയുടെ ഭാവിപ്രവർത്തനങ്ങളെക്കുറിച്ച് ഇന്ന് നടക്കുന്ന യോഗത്തിൽ തീരുമാനിക്കും. ഞങ്ങളുടെ ഏറ്റവും വലിയ ശക്തി കേരളത്തിലെ സമുദായ സംഘടനകളാണ്. അവരുമായി കൂടിയാലോചിക്കേണ്ടതുണ്ട്.
അത് കൊലപാതകം
പന്തളത്ത് കർമ്മ സമിതി പ്രവർത്തകൻ ചന്ദ്രന്റേത് വെറും അപകട മരണമല്ല, കൊലപാതകമാണ്. പ്രതികളെ രക്ഷിക്കാനുള്ള നീക്കങ്ങൾ ഇതിനോടകംതന്നെ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. പോസ്റ്റുമോർട്ടം ടേബിളിലേക്ക് കൊണ്ടുപോകുമ്പോൾതന്നെ മുഖ്യമന്ത്രി മരണകാരണവും വിശദീകരിച്ചുകഴിഞ്ഞു. തിരുവനന്തപുരത്ത് ഇരുന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടക്കുന്ന പോസ്റ്റുമോർട്ടത്തിന്റെ കാര്യം അദ്ദേഹം പറയുന്നു. വൈദ്യശാസ്ത്രം പഠിച്ചവരേക്കാൾ മിടുക്കനാണ് അദ്ദേഹം.
വെല്ലുവിളിക്കുന്നത് എന്തിന്?
ഹർത്താലിൽ പ്രക്ഷോഭങ്ങൾ നടക്കുന്നത് എന്തുകൊണ്ടാണെന്ന് മാദ്ധ്യമങ്ങളാണ് അന്വേഷിക്കേണ്ടത്. അതിന് ഉത്തരം പറയേണ്ടത് ഹർത്താൽ പ്രഖ്യാപിച്ചവരല്ല. കേരളത്തിലിപ്പോഴും ജനാധിപത്യം തന്നെയാണ് നിലനിൽക്കുന്നത്. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. പക്ഷേ, ഹൃദയം തകർന്ന ഒരുവിഭാഗം ആളുകൾ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുമ്പോൾ അതിനിടയിൽ വെല്ലുവിളിച്ചുകൊണ്ട് കയറിവരുന്നവരെ ആരും നിയന്ത്രിക്കാത്തത് എന്തുകൊണ്ടാണ്? അങ്ങനെയൊരു വെല്ലുവിളിയുടെ സംസ്കാരം വളർത്തിക്കൊണ്ടുവന്നാൽ എന്താണ് കേരളത്തിന്റെ ഭാവി. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ ഏതെങ്കിലും ഒരു പ്രതിഷേധ പ്രകടനം സമാധാനപരമായി സാദ്ധ്യമാകുമോ. മാദ്ധ്യമ പ്രവർത്തകർ ആക്രമിക്കപ്പെട്ടതിൽ സംഘടനയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും മോശമായി സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു.