തിരുവനന്തപുരം: യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കാനാവില്ലെങ്കിൽ ശബരിമല തന്ത്രി സ്ഥാനമൊഴിഞ്ഞു പോകണമെന്ന് മുഖ്യമന്ത്രി. കോടതി വിധിയനുസരിച്ച് സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചപ്പോൾ ആചാരലംഘനം പറഞ്ഞ് ക്ഷേത്രം അടച്ചിട്ട തന്ത്രിയുടെ നടപടി വിചിത്രവും കോടതിവിധിയുടെ ലംഘനവുമാണ്- വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
ശബരിമല കേസിൽ തന്ത്രിയും ദേവസ്വംബോർഡും കക്ഷികളാണ്. തന്ത്രിയുടെ ഭാഗം കൂടി കേട്ടതിനു ശേഷമാണ് വിധിപ്രസ്താവമുണ്ടായത്. വിധിയോട് വ്യക്തിപരമായി വിയോജിക്കാൻ തന്ത്രിക്ക് അവകാശമുണ്ട്. എന്നാൽ, വിധിക്കു ശേഷം അതിന്റെ ഭാഗമായി കാര്യങ്ങൾ നടപ്പാക്കാൻ തന്ത്രി ബാദ്ധ്യസ്ഥനാണ്. അതല്ല, നടപ്പാക്കാൻ പറ്റില്ല എന്നാണെങ്കിൽ ആ സ്ഥാനത്തിരിക്കരുത്.
ക്ഷേത്രം അടയ്ക്കണോ തുറക്കണോ എന്നെല്ലാം തീരുമാനിക്കുന്നത് ദേവസ്വം ബോർഡാണ്. ദേവസ്വം മാന്വലിൽ അത് പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടുണ്ട്. നട അടയ്ക്കുന്നതിനു മുമ്പ് തന്ത്രി ദേവസ്വംബോർഡ് പ്രസിഡന്റിനോട് സംസാരിച്ചെന്ന വാർത്ത ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, 'താൻ സംസാരിച്ചിട്ടുമില്ല, നട അടയ്ക്കാൻ സമ്മതിച്ചിട്ടുമില്ല' എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ദേവസ്വംബോർഡ് കരുത്തോടെ നിൽക്കുകയാണെന്നും മുഖ്യമന്ത്രി തുടർന്നു.