ദേവസ്വംബോർഡ് ഇന്ന് യോഗം
തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിന്റെ പേരിൽ നട അടച്ച് ശുദ്ധിക്രിയകൾ നടത്താൻ നിർദ്ദേശിച്ച തന്ത്രിയോട് ദേവസ്വം ബോർഡ് ഇന്ന് വിശദീകരണം തേടും. ദേവസ്വം കമ്മിഷണറാണ് നോട്ടീസ് നൽകുക. തന്ത്രിയുടെ വിവാദ തീരുമാനവും തുടർ നടപടികളും ചർച്ചചെയ്യാൻ ഇന്ന് ഉച്ചയ്ക്ക് ശേഷം ദേവസ്വംബോർഡ് പ്രത്യേക യോഗം ചേരുന്നുണ്ട്.
തന്ത്രി കണ്ഠരര് രാജീവരരുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് ബോർഡിന്റെ പ്രാഥമിക വിലയിരുത്തൽ. ബോർഡ് നിയമാവലി പ്രകാരം നട അടയ്ക്കാൻ തന്ത്രിക്ക് മാത്രമായി തീരുമാനമെടുക്കാനാവില്ല. സുപ്രീംകോടതി വിധി അനുസരിച്ചാണ് യുവതികളെത്തിയത്. നിയപരമായ അവകാശത്തോടെ സന്നിധാനത്ത് എത്തിയവർ പോയശേഷം ശുദ്ധിക്രിയ നടത്തിയത് വിധിയുടെ ലംഘനമാണെന്നും ബോർഡ് കരുതുന്നു. സുപ്രീംകോടതി ആവശ്യപ്പെട്ടാൽ ബോർഡ് വിശദീകരണം നൽകേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങളും ബോർഡ് പരിശോധിക്കുന്നുണ്ട്.
തന്ത്രിക്ക് മാത്രമായി ഇത്തരത്തിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് തിരുവിതാംകൂർ ദേവസ്വം കമ്മിഷണർ എൻ.വാസു പറഞ്ഞു. ദേവസ്വം ബോർഡ് മാന്വൽ പ്രകാരം തന്ത്രിക്കെതിരെ നടപടിയെടുക്കാം. വിശദീകരണ നോട്ടീസിന് മറുപടി ലഭിച്ച ശേഷം തുടർനടപടികൾ ആലോചിക്കും.
'തന്ത്രിയുടേത് ഗുരുതര വീഴ്ചയാണ്. ദേവസ്വം ബോർഡിന്റെ അനുവാദമില്ലാതെ നട അടയ്ക്കാൻ തന്ത്രിക്ക് അധികാരമില്ല. ശബരിമലയുടെ ഉടമസ്ഥാവകാശം ബോർഡിനാണ്. തന്ത്രിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണ് ".
- കെ.പി.ശങ്കരദാസ്, ബോർഡ് അംഗം