dd

നെയ്യാറ്റിൻകര :ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ബുധനാഴ്ച നടന്ന റോഡ് ഉപരോധത്തിൽ പരിക്കേറ്റ് നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ശബരിമല കർമ്മസമിതി പ്രവർത്തകരെ ഇന്നലെ ആശുപത്രിയിൽ നിന്ന് നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്തത് സംഘർഷത്തിനിടയാക്കി. ബുധനാഴ്ച ഉച്ചയ്ക്ക് നെയ്യാറ്റിൻകര ആലുമ്മൂട് ജംഗ്ഷനിൽ പൊലീസും കർമ്മസമിതി പ്രവർത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റവരെയാണ് ഇന്നലെ ആശുപത്രി അധികൃതർ ഡിസ്ചാർജ് ചെയ്തത്. ഇത് പൊലീസിന്റെ ഒത്താശയോടെയാണെന്ന് ആരോപിച്ചായിരുന്നു ബഹളം. ബി.ജെ.പി. മണ്ഡലം വൈസ് പ്രസിഡന്റ് മഞ്ചത്തല സുരേഷ്, കൂട്ടപ്പന മഹേഷ്, എൻ.പി.ഹരി, സി.പി.ശശി എന്നിവരെയാണ് ഡിസ്ചാർജ് ചെയ്തത്. സമരക്കാർ റോഡിൽ കത്തിച്ച ടയറിന്റെ തീ ജലപീരങ്കി ഉപയോഗിച്ച് അണച്ചപ്പോൾ തെറിച്ചുവീണും പൊലീസ് ലാത്തിയടിയിലും ഇവർക്ക് പരിക്കേൽക്കുകയായിരുന്നു.