തിരുവനന്തപുരം : മത്സ്യഫെഡിനു കീഴിൽ പ്രവർത്തിച്ചുവന്ന വനിതാ സ്‌പെഷ്യൽ ബസ് സർവീസ് നിറുത്തിവച്ചതിനെത്തുടർന്ന് തീരദേശ മഹിളാവേദിയുടെ നേതൃത്വത്തിൽ സ്ത്രീകൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി. മന്ത്രിമാരായ മേഴ്‌സിക്കുട്ടിഅമ്മ, കടകംപള്ളി സുരേന്ദ്രൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചയിലാണ് ബസ് സർവീസ് പുനരാരംഭിക്കാൻ തീരുമാനമായത്. ഒരു ബസ് റെഡിയായിട്ടുണ്ട്. മറ്റൊരു ബസ് രണ്ടാഴ്ചയ്ക്കകം റെഡിയാകും. ഇന്ധന ചെലവിനുള്ള തുക ബസിലെ മത്സ്യത്തൊഴിലാളി സ്ത്രീകൾ വഹിക്കണം. പുതിയ ബസ് ഇറങ്ങുന്ന മുറയ്ക്ക് അവ സ്ത്രീകളുടെ പൂർണ ഉത്തരവാദിത്വത്തിൽ വിട്ടു നൽകും. മത്സ്യഫെഡിന്റെ ചുമതലയിൽ ഡ്രൈവറെയും ക്ലീനറെയും വിട്ടുനൽകും. ഇത് മോണിട്ടർ ചെയ്യാൻ ചെറിയൊരു കമ്മിറ്റിക്ക് രൂപം നൽകും. ഇവയാണ് ഇന്നത്തെ യോഗത്തിൽ ധാരണയിൽ എത്തിയത്.
ഫിഷറീസ് ഡയറക്ടർ എസ്. വെങ്കിടേസപതി, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ ലോറൻസ് ഹാരോൾഡ്, വനിതാ നേതാക്കളായ മേബിൾ റൈമണ്ട്, എലിസബത്ത് ആന്റണി, ജെസ്പിൻ ഫ്രാൻസിസ്, എലിസബത്ത് എഡ്വിൻ, ട്രേഡ് യൂണിയൻ നേതാക്കളായ ടി. പീറ്റർ, ഇ. കെന്നഡി, വലേരിയൻ ഐസക്ക്, ഫിഷറീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.