കല്ലേറിൽ ചില്ലു തകർന്ന ബസുകൾക്ക് പറയാനുള്ളത്
തിരുവനന്തപുരം: എറിയാൻ കല്ലെടുക്കും മുൻപ് കരുണയോടെ ഓർക്കണേ... ഞങ്ങൾ നിങ്ങളുടേതാണ്! ഹർത്താലെന്ന് കേട്ടാലുടൻ കെ.എസ്.ആർ.ടി.സി ബസുകൾക്കു നേരെ കല്ലെടുക്കുന്നവർ ഏതു രാഷ്ട്രീയക്കാരുമാകട്ടെ, ഞങ്ങൾ റോഡിലിറങ്ങുന്നതുകൊണ്ടാണ് 38,000 ജീവനക്കാരും അതിലേറെ പെൻഷൻകാരും ഇത്രയും പേരുടെ കുടുംബങ്ങളും ജീവിക്കുന്നത്- ഇന്നലെ ഹർത്താൽ അനുകൂലികൾ എറിഞ്ഞുതകർത്ത കെ.എസ്.ആർ.ടി.സി ബസുകൾക്ക് അക്രമികളോടു പറയാനുള്ളത് ഇതായിരിക്കും.
സർക്കാരിനു നേരെ എന്നതു പോലെയാണ് നിങ്ങൾ ഞങ്ങളെ കല്ലെറിയുന്നത്. എങ്കിൽ കേട്ടോളൂ... ഞങ്ങളുടെ ഗ്ളാസും ബോഡിയുമൊക്കെ കല്ലേറിൽ തകർന്നാൽ നന്നാക്കാൻ ചില്ലിക്കാശ് സർക്കാർ തരില്ല. കടംകയറി ഗതികെട്ടു നൽക്കുന്ന മാനേജ്മെന്റ് തന്നെ അതിനും വക കണ്ടെത്തണം. 50 കോടിയാണ് ഇപ്പോഴത്തെ പ്രതിമാസ നഷ്ടം.
കഴിഞ്ഞ വർഷം മാത്രം ഹർത്താലുകൾക്കിടെ ഉണ്ടായ കല്ലേറിൽ കോർപറേഷനുണ്ടായത് എത്ര കോടിയുടെ നഷ്‌ടമെന്ന് കേൾക്കണോ? ഏഴു കോടി! പുതുവർഷം പിറന്നതേയുള്ളൂ. രണ്ടു ദിവസത്തിനിടെ നിങ്ങൾ കല്ലെറിഞ്ഞപ്പോൾ പോയത് മൂന്നരക്കോടി രൂപയാണ്. നൂറു ബസുകൾ കട്ടപ്പുറത്തായി. ഇനി ഇൻഷ്വറൻസുകാർ വന്ന് പരിശോധിക്കണം. എന്നിട്ടു വേണം സ്പെയർപാർട്ടുകൾ വാങ്ങാൻ.പിന്നെ വർക്‌ഷോപ്പിലെ പണി. എല്ലാംകൂടി കഴിയുമ്പോൾ മൂന്നാഴ്ചയെങ്കിലും ആകും. അതുവരെ പല റൂട്ടിലും സർവീസ് മുടങ്ങും. ബസ് കിട്ടാതെ യാത്ര മുടങ്ങുന്നവരുടെ കൂട്ടത്തിൽ നിങ്ങളോ കുടുംബാംഗങ്ങളോ ഉണ്ടാകും.
ഹർത്താലിൽ നിന്ന് പാലും പത്രവും ആശുപത്രിയുമൊക്കെ ഒഴിവാക്കിയതു പോലെ ഞങ്ങളെയും ഒഴിവാക്കണേ എന്ന് ഒരിക്കൽ ഞങ്ങളുടെ മാനേജ്മെന്റ് സകല പാർട്ടിക്കാരോടും അഭ്യർത്ഥിച്ചതാണ്. ആരും മിണ്ടിയില്ല. ഞങ്ങളില്ലാത്ത കേരളത്തെക്കുറിച്ച് നിങ്ങൾക്കു ചിന്തിക്കാനാവുമോ? കല്ലെടുക്കാൻ കുനിയും മുൻപ് കരുണയോടെ ഓർക്കണേ...!