കാട്ടാക്കട: ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്‌ത ഹർത്താലിൽ കാട്ടാക്കട താലൂക്ക് ആസ്ഥാനത്തിന് നേരെ കല്ലേറുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് 2 ഓടെയാണ് സംഭവം. തഹസിൽദാരുടെ മുറിയുടെ ജനലിനു നേരെയാണ് ചുടുകല്ലെറിഞ്ഞതെങ്കിലും ഡെപ്യൂട്ടി തഹസിൽദാരുടെ കാബിനിലെ മേശയിലാണ് കല്ല് പതിച്ചത്. ഈ സമയം ഇവിടെ ഡെപ്യുട്ടി തഹസിൽദാറും മുകൾ നിലയിൽ തഹസിൽദാരും ജീവനക്കാരും ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല. മുഖംമൂടി ധരിച്ചെത്തിയവരാണ് അക്രമം നടത്തിയതെന്ന് തഹസീൽദാർ പറഞ്ഞു. രാവിലെ തഹസീൽദാരുടെയും അഡിഷണൽ തഹസിദ്ധരുടെയും വാഹനങ്ങൾ പുറത്തിറക്കാനായില്ല. വാഹനമെടുക്കാനെത്തിയപ്പോൾ താക്കോൽ ദ്വാരത്തിൽ പശയും മണ്ണും നിറച്ചുവച്ചിരിക്കുന്നതായി ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടു. ഇക്കാര്യം തഹസീൽദാർ കാട്ടാക്കട പൊലീസിനെയും കളക്ടറെയും വിവരം അറിയിക്കുകയായിരുന്നു.
കടയ്‌ക്കും വെയിറ്റിംഗ് ഷെഡിന് നേരെയും ആക്രമം
ഉഴമലയ്ക്കൽ: ഉഴമലയ്ക്കലിൽ കർമ്മസമിതി പ്രവർത്തകർ പ്രകടനം നടത്തുന്നതിനിടെ കടയ്ക്ക് നേരെയും വെയിറ്റിംഗ് ഷെഡിന് നേരെയും ആക്രമണമുണ്ടായി. പ്രകടനം പുതുക്കുളങ്ങര ജംഗ്ഷനിലെത്തിയപ്പോൾ സി.പി.എം ബ്രാഞ്ച് സെക്രട്ടറി മോഹനന്റെ കട തുറന്നിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇവർ കടയടയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും മോഹനൻ തയ്യാറായില്ല, തുടർന്ന് പ്രവർത്തകർ കടയുടെ മുൻഭാഗം തകർക്കുകയായിരുന്നു. ഉഴമലയ്ക്കൽ സർവീസ് സഹകരണ ബാങ്ക് അടയ്‌ക്കാൻ ശ്രമിച്ചതോടെ സി.പി.എം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. ആര്യനാട് സി.ഐ ബി. അനിൽകുമാർ സ്ഥലത്തെത്തി ഇരുവിഭാഗവുമായി ചർച്ച നടത്തി ബാങ്കും കടയും അടച്ചതോടെ സംഘർഷാവസ്ഥയ്ക്ക് അയവുവന്നു. തുടർന്ന് പ്രകടനമായി പോയ കർമ്മസമിതി പ്രവർത്തകർ പുതുക്കുളങ്ങര ഭദ്രകാളീദേവീക്ഷേത്രത്തിന് സമീപത്തെ വെയിറ്റിംഗ് ഷെഡ് അടിച്ചുതകർത്തു. സംഭവവുമായി ബന്ധപ്പെട്ട് ആര്യനാട് പൊലീസ് കേസെടുത്തു.