വർക്കല: ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്‌ത ഹർത്താൽ വർക്കലയിൽ പൂർണം. സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളും കച്ചവടസ്ഥാപനങ്ങളും തുറന്ന് പ്രവർത്തിച്ചില്ല. സ്വകാര്യ ബസ്സുകളും കെ.എസ്.ആർ.ടി.സി, ആട്ടോ, ടാക്സി എന്നിവ നിരത്തിലിറങ്ങിയില്ല. പുന്നമൂട്ടിൽ യശോധരന്റെ ചൂരൽക്കടയിൽ ഹർത്താൽ അനുകൂലികൾ അതിക്രമിച്ച് കയറി സാധന സാമഗ്രികൾ റോഡിലേക്ക് വലിച്ചിട്ടെന്ന് പരായുണ്ടായി. ഹർത്താൽ അനുകൂലികൾ ടൗണിൽ പ്രതിഷേധ മാർച്ചും യോഗവും നടത്തി. നേതാക്കളായ ആലംകോട് ദാനശീലൻ, ചാവർകോട് ഹരിലാൽ, കൗൺസിലർ സുനിൽകുമാർ, അജുലാൽ, രാമചന്ദ്രൻ ചെറുകുന്നം തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. കഴിഞ്ഞ ദിവസം വൈകിട്ട് വർക്കല നഗരത്തിൽ സി.പി.എമ്മിന്റെയും വി. ജോയി എം.എൽ.എയുടെയും ഫ്ലക്‌സ് ബോർഡുകൾ പ്രതിഷേധ പ്രകടനത്തിനിടെ വ്യാപകമായി നശിപ്പിച്ചു.