malayinkil

മലയിൻകീഴ്: ശബരിമല കർമ്മസമിതി ആഹ്വാനംചെയ്‌ത ഹർത്താലിനിടെ മലയിൻകീഴ് ജംഗ്ഷനിൽ സി.പി.എം-ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി. ഇരുവിഭാഗത്തിലുള്ള 30ഓളം പേർക്കും കാട്ടാക്കട സി.ഐ വിജയരാഘവൻ ഉൾപ്പെടെ നാല് പൊലീസുകാർക്കും പരിക്കേറ്റു. ഇന്നലെ രാവിലെ 9.30നും 11നുമാണ് ഏറ്റുമുട്ടലുണ്ടായത്.

ബി.ജെ.പി - ആർ.എസ്.എസ് പ്രവർത്തകർ ചെറുവാഹനങ്ങൾ തടഞ്ഞതിനെ സി.പി.എം പ്രവർത്തകർ ചോദ്യം ചെയ്യുകയും വാഹനങ്ങളെ കടത്തിവിടാൻ ശ്രമിച്ചതുമാണ് സംഘർഷത്തിന് കാരണം. ഇതിനിടെ ബി.ജെ.പി പ്രവർത്തകരായ മധു, പ്രമോദ് എന്നിവരെ സി.പി.എം പ്രവർത്തകർ മർദ്ദിച്ചെന്ന് ആരോപിച്ച് ബി.ജെ.പി എത്തിയതോടെയാണ് വീണ്ടും സംഘർഷമുണ്ടായത്. പൊലീസ് പ്രവർത്തകരെ പിന്തിരിപ്പിച്ചെങ്കിലും വീണ്ടും മലയിൻകീഴ് ജംഗ്ഷനിലും ക്ഷേത്ര റോഡ് ഭാഗത്ത് നിന്നും കല്ലേറ് തുടങ്ങുകയായിരുന്നു. കല്ലേറിനിടെ ബിയർകുപ്പികളും വലിച്ചെറിഞ്ഞു. ബി.ജെ.പി പ്രവർത്തകൻ സുർജിത്തിന്റെ കൈയിൽ കുപ്പി പൊട്ടി വീണ് പരിക്കേറ്റു. കല്ലേറിൽ കാട്ടാക്കട സി.ഐ വിജയരാഘവനും അരുൺ, സജു തുടങ്ങിയ പൊലീസുകാർക്കും പരിക്കേറ്റു. മുഖത്ത് പരിക്കേറ്റ സി.പി.എം പ്രവർത്തകൻ അഭിലാഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഭൂരിഭാഗവും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. ഹർത്താലിനെ പരാജയപ്പെടുത്താനാണ് സി.പി.എം ശ്രമിച്ചതെന്നും മലയിൻകീഴ് ജംഗ്ഷനിൽ മുൻകൂട്ടി നിശ്ചയിച്ച് പ്രവർത്തകരെ എത്തിച്ചെന്നും ബി.ജെ.പി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഒ. രാജശേഖരൻ പറഞ്ഞു. ചെറുവാഹനങ്ങൾ തടഞ്ഞത് ചോദ്യം ചെയ്‌തതും കൊടിയും ഫ്ലക്‌സ് ബോർഡുകളും വ്യാപകമായി നശിപ്പിച്ചതുമാണ് പ്രവർത്തകരെ ചൊടിപ്പിച്ചതെന്ന് സി.പി.എം മലയിൻകീഴ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. അനിൽകുമാർ പറഞ്ഞു.