sabarimala-harthal

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിക്കാനുള്ള ശ്രമത്തിനിടെ പൈലറ്റ് വാഹനം ഇടിച്ച് രണ്ട് സംഭവങ്ങളിലായി നാലു കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്. കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് അഡ്വ. മുനീർ, യൂത്ത് കോൺഗ്രസ് കാട്ടാക്കട ബ്ലോക്ക് പ്രസിഡന്റ് അഡ്വ. രാജീവ്, പ്രവർത്തകനായ ബിജു എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെ വാൻറോസ് ജംഗ്‌ഷന് സമീപമാണ് സംഭവം നടന്നത്. യു.ഡി.എഫിന്റെ കരിദിനാചരണത്തിന്റെ ഭാഗമായി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനു പിന്നാലെയായിരുന്നു സംഭവം. മാർച്ചിന് ശേഷം രാജീവും ബിജുവും സെക്രട്ടേറിയറ്റിനടുത്ത് ബേക്കറി ജംഗ്‌ഷനിലേക്ക് പോകുന്ന റോഡിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ കാത്തിരിക്കുകയായിരുന്നു. ക്ലിഫ് ഹൗസിലേക്ക് പോകാനായി മുഖ്യമന്തി വാൻറോസ് ജംഗ്‌ഷന് സമീപമെത്തിയപ്പോൾ ഇവർ കരിങ്കൊടിയുമായി റോഡിന്റെ ഇരുവശത്തു നിന്നും വണ്ടിയുടെ മുന്നിലേക്ക് പാഞ്ഞടുത്തു. ഇവർ ഓടി വരുന്നത് കണ്ട് പൈലറ്റ് വാഹനത്തിന്റെ ഡ്രൈവർ ഒരുവശത്തേക്ക് വെട്ടിത്തിരിക്കാൻ ശ്രമിച്ചെങ്കിലും വാഹനം സ്പീഡിലായതിനാൽ ഇരുവരെയും ഇടിച്ചിടുകയായിരുന്നു.

അതിശേഷം വാഹനം മുന്നൂറ് മീറ്റർ മുന്നോട്ട് നീങ്ങിയപ്പെഴാണ് രണ്ടാമത്തെ അപകടം നടന്നത്. സ്‌കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ ഭർത്താവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ.കൃഷ്ണകുമാറും, വൈസ് പ്രസിഡന്റ് മുനീറും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനെ പൈലറ്റ് വാഹനം ഇടിച്ചിട്ടു.

മുഖ്യമന്ത്രിക്ക് പിന്നാലെ ഉണ്ടായിരുന്ന പൊലീസിന്റെ രണ്ട് വാഹനങ്ങളിലാണ് നാല് പേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അബോധാവസ്ഥയിലായ രാജീവിനെ സ്‌കാനിംഗിന് വിധേയനാക്കി. ആന്തരിക ക്ഷതം ഉണ്ടായതായാണ് ആശുപത്രി അധികൃതർ വിശദീകരിക്കുന്നത്. കൃഷ്ണകുമാറിന്റെ വലതുകാലിനും മുനീറിന്റെ തോളെല്ലിനും പൊട്ടലുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ബിജുവിന്റെ പരിക്ക് സാരമുള്ളതല്ല .

വിവരമറിഞ്ഞ് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, എം.എൽ. എ മാരായ കെ.മുരളീധരൻ, വി.എസ് .ശിവകുമാർ, കെ.എസ്. ശബരിനാഥൻ, എം.വിൻസന്റ് എന്നിവർ ആശുപത്രിയിലെത്തി. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നത് കേരളത്തിൽ ആദ്യ സംഭവമല്ലെന്നും പ്രതിഷേധിക്കുന്നവരെ കൊല്ലാൻ ശ്രമിക്കുന്ന സർ സി.പി യെ പോലെ മുഖ്യമന്ത്രി മാറിയെന്നും കെ. മുരളീധരൻ ആരോപിച്ചു.