നെടുമങ്ങാട് : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കർമ്മസമിതി ആഹ്വാനം ചെയ്ത ഹർത്താലിനിടെ നെടുമങ്ങാട്ട് നടന്ന വ്യാപക അക്രമത്തിനിടെ 2 ബി.ജെ.പി കൗൺസിലർമാരുടെയും ഒരു സി.പി.എം കൗൺസിലറുടെയും ഉൾപ്പെടെ 5 വീടുകൾ തകർത്തു. അക്രമികളുടെ ബോംബേറിലും പൊലീസ് നടത്തിയ ഗ്രനേഡ് പ്രയോഗത്തിലും നിരവധി ബി.ജെ.പി-സി.പി.എം പ്രവർത്തകർക്ക് പരിക്കേറ്റു. കല്ലേറിലും ഏറ്റുമുട്ടലിലും എസ്.ഐ ഉൾപ്പെടെ പത്തോളം പൊലീസുകാർക്കു പരിക്കുപറ്റി. ബി.ജെ.പി പ്രവർത്തകരുമായുള്ള ഏറ്റുമുട്ടലിൽ കൈ ഒടിഞ്ഞ നെടുമങ്ങാട് എസ്.ഐ സുനിൽഗോപിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.പി.എം കൗൺസിലർ സി.സാബു, സഹോദരനും സി.പി.എം പ്രവർത്തകനുമായ സി.സാനു, ബി.ജെ.പി കൗൺസിലർമാരായ സുമയ്യ മനോജ്, സംഗീത രാജേഷ്, ഡി.വൈ.എഫ്.ഐ നേതാവ് വിഷ്ണു എന്നിവരുടെ വീടുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സാനുവിന്റെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ അടിച്ചു തകർത്തു. സി.സാബുവിന്റെ വീടിന്റെ വാതിലും ജനലുകളും തകർത്തു. സുമയ്യ മനോജിന്റെ വീട്ടിൽ കയറിയ പതിനഞ്ചംഗ സംഘം ടി.വി, ഫ്രിഡ്ജ് മുതലായ ഗൃഹോപകരണങ്ങളും സിറ്റൗട്ടും നശിപ്പിച്ചു. സുമയ്യയും ഭർത്താവ് മനോജും മുറിയിൽ നിന്ന് പുറത്തിറങ്ങാത്തത് രക്ഷയായി. സംഗീതയുടെ വീടിനു നേരെയുണ്ടായ കല്ലേറിൽ വൃദ്ധനായ ബന്ധുവിനും പതിമ്മൂന്ന് വയസുള്ള പെൺകുട്ടിക്കും പരിക്കേറ്റു. സാനുവിന്റെ വീടിനു നേരെ രണ്ടുവട്ടം ആക്രമണമുണ്ടായി. കെ.എ.പി ബറ്റാലിയനിലെ അഞ്ച് കോൺസ്റ്റബിൾമാർക്കും നെടുമങ്ങാട് സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. സി.പി.എം, ബി.ജെ.പി കൊടിമരങ്ങളും പ്രചാരണ ബോർഡുകളും നശിപ്പിക്കപ്പെട്ടു. രാവിലെ എട്ടരയോടെ വാളിക്കോട് ജംഗ്‌ഷനിൽ കടകൾ അടയ്ക്കുന്നതിനെ ചൊല്ലി ചില വ്യാപാരികളും ഹർത്താലനുകൂലികളുമായി ഉണ്ടായ തർക്കത്തോടെയാണ് അക്രമങ്ങളുടെ തുടക്കം. ഇവിടെ കടകൾ അടപ്പിച്ച ശേഷം ഹർത്താൽ അനുകൂലികൾ ആനാട് ജംഗ്‌ഷനിൽ സ്വകാര്യ ധനകാര്യ സ്ഥാപനം അടപ്പിക്കാൻ ശ്രമിച്ചു. എസ്.ഐ സുനിൽ ഗോപിയുടെ നേതൃത്വത്തിൽ എത്തിയ എട്ട് പൊലീസുകാരുമായി മുപ്പതോളം ബി.ജെ.പി പ്രവർത്തകർ ഇവിടെയാണ് ഏറ്റുമുട്ടിയത്. എസ്.ഐക്ക് പരിക്കേറ്റതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്ത ബി.ജെ.പി പ്രവർത്തകരെ നെടുമങ്ങാട് സ്റ്റേഷനിൽ എത്തിച്ചപ്പോൾ ബൈക്കിലെത്തിയ രണ്ടു പേരാണ് സ്റ്റേഷൻ പരിസരത്ത് ബോംബെറിഞ്ഞത്. തടിച്ചുകൂടിയ അക്രമികൾക്കെതിരെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. ഇതിൽ പ്രതിഷേധിച്ച് നൂറുകണക്കിന് ഹർത്താലനുകൂലികൾ കച്ചേരിനടയിൽ പ്രകടനം നടത്തി. ഗേൾസ് സ്‌കൂളിനു മുന്നിൽ നിന്ന് സി.പി.എം പ്രവർത്തകരുടെ പ്രതിഷേധ പ്രകടനവും നടന്നു. ഇരുകൂട്ടർക്കും ഇടയിലൂടെ കച്ചേരി നടയിലും ചന്തമുക്കിലും ബൈക്കിലെത്തിയ രണ്ടംഗ സംഘം ബോംബെറിഞ്ഞ് പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചു. ഇവർ മുഖം മറച്ച നിലയിലായിരുന്നു. വീടുകൾക്ക് നേരെ ആക്രമണം നടത്തിയ സംഘങ്ങളും മുഖം മറച്ചിരുന്നു. അക്രമം തടയാൻ വൻ പൊലീസ് സന്നാഹമാണ് ഇപ്പോൾ നെടുമങ്ങാട്ട് ക്യാമ്പ് ചെയ്യുന്നത്.