തിരുവനന്തപുരം: ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്‌ത ഹർത്താലിൽ തലസ്ഥാന നഗരത്തിൽ ജനജീവിതം സ്‌തംഭിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ നടന്ന ഹർത്താലിൽ വ്യാപക അക്രമങ്ങളുണ്ടായി. പൊതുഗതാഗതം പൂർണമായി നിലച്ചതോടെ മെഡിക്കൽ കോളേജിലും ആർ.സി.സിയിലും പോകാനായി തമ്പാനൂർ റെയിൽവേ സ്റ്രേഷനിലെത്തിയവർക്ക് ആശ്രയമായത് പൊലീസ് വാഹനങ്ങളാണ്. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. ആട്ടോറിക്ഷകളും ടാക്‌സികളും നിരത്തൊഴിഞ്ഞു. സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങി. പെട്രോൾ പമ്പുകളും കടകമ്പോളങ്ങളും വാണിജ്യ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ചാല, പാളയം മാർക്കറ്റുകൾ പൂർണമായും അടഞ്ഞുകിടന്നു. ചാലയിൽ കടകൾ തുറക്കാൻ വ്യാപാരികൾ തയ്യാറായെങ്കിലും പൊലീസ് സംരക്ഷണം ലഭിക്കാത്തതിനാൽ പിന്മാറുകയായിരുന്നു. കടകൾ തുറക്കാൻ ശ്രമിച്ചവരെ ബി.ജെ.പി പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന് വ്യാപാരികൾ പറഞ്ഞു. ഓവർബ്രിഡ്‌ജ്, തമ്പാനൂർ, ആയുർവേദ കോളേജ് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ റോഡുകൾ വിജനമായിരുന്നു. സെക്രട്ടേറിയറ്റിന് മുൻവശത്തെ റോഡിൽ ഇന്നലെയും സംഘർഷാവസ്ഥയായിരുന്നു. രാവിലെ 11ഓടെ തന്നെ ബി.ജെ.പിയുടെ സമരപ്പന്തലിൽ പ്രവർത്തകരെത്തി. സംഘർഷസാദ്ധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചു. ഉച്ചയ്ക്ക് 12ഓടെ കിഴക്കേകോട്ടയിൽ നിന്ന് സമരപ്പന്തലിലേക്കുള്ള ബി.ജെ.പിയുടെ മാർച്ച് ക്യൂ.ആർ.എസ് ജംഗ്ഷനിലെത്തിയപ്പോൾ അവിടെ സ്ഥാപിച്ചിരുന്ന സി.പി.എമ്മിന്റെ ഫ്ളക്‌സ് ബോർഡുകൾ പ്രവർത്തകർ നശിപ്പിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ മാദ്ധ്യമപ്രവർത്തകർക്ക് നേരെ ഇന്നലെയും അക്രമമുണ്ടായി. ജനറൽ ആശുപത്രി ജംഗ്ഷനിൽ വാഹനങ്ങൾ തടയാൻ ബി.ജെ.പി പ്രവർത്തകർ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. തുടർന്ന് പൊലീസെത്തി സമരക്കാരെ വിരട്ടിയോടിച്ചു. സ്‌റ്റാച്യുവിൽ നിന്ന് ജനറൽ ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ സ്ഥാപിച്ചിരുന്ന ഫ്ളക്‌സ് ബോർഡുകളും പ്രവർത്തകർ നശിപ്പിച്ചു.
കോവളം ഭാഗത്ത് ഹർത്താൽ സമാധാനപരമായിരുന്നു. കടകൾ അടഞ്ഞുകിടന്നു. വിഴിഞ്ഞത്ത് ഹർത്താൽ കാര്യമായി ബാധിച്ചില്ല. വെങ്ങാനൂർ ഭാഗത്ത് പതിവുപോലെ കടകൾ തുറന്ന് പ്രവർത്തിച്ചു. കഴക്കൂട്ടത്ത് ഹർത്താൽ പൂർണമായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. തിരുവനന്തപുരത്തേക്ക് വന്ന കർണാടക ആർ.ടി.സിയുടെ ബസിന് നേരെ പള്ളിപ്പുറത്തുണ്ടായ കല്ലേറിൽ ബസിന്റെ ചില്ലുകൾ തകർന്നു. തുടർന്ന് ബസ് കണിയാപുരത്ത് സർവീസ് അവസാനിപ്പിച്ചു. വി.എസ്.എസ്.സിയിലേക്കും ടെക്നോപാർക്കിലേക്കുമുള്ള വാഹനങ്ങൾക്കും പൊലീസ് സുരക്ഷയൊരുക്കി. പോത്തൻകോട്, കുളത്തൂർ, കാട്ടായിക്കോണം ഭാഗങ്ങളിൽ ഹർത്താൽ ഭാഗികമായിരുന്നു. ഇവിടങ്ങളിൽ പൊലീസിനൊപ്പം സി.പി.എം പ്രവർത്തകരും വ്യാപാരികൾക്ക് സുരക്ഷയൊരുക്കി. ശ്രീകാര്യം, കഴക്കൂട്ടം എന്നിവിടങ്ങളിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ പ്രകടനങ്ങൾ നടന്നു.