തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് രഹസ്യമായി രണ്ട് യുവതികളെ കയറ്റിയ മുഖ്യമന്ത്രി പിണറായി വിജയൻ തന്ത്രിയെ വിരട്ടാൻ നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുവതികൾ പ്രവേശിച്ചപ്പോൾ തന്ത്രി ക്ഷേത്രം അടച്ച് ആചാരപരമായ നടപടികൾ സ്വീകരിച്ചത് വിചിത്രമായ നടപടിയെന്നാണ് മുഖ്യമന്ത്രിയുടെ ആക്ഷേപം. ക്ഷേത്രത്തിൽ ആചാരങ്ങളുടെ അവസാന വാക്ക് തന്ത്രിയാണെന്നാണ് സുപ്രിംകോടതിയുടെയും ഹൈക്കോടതിയുടെയും വിധികൾ. അതിനാൽ തന്ത്രി ചെയ്ത കാര്യം 101 ശതമാനം ശരിയാണെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അവിവേകിയായ ഒരു മുഖ്യമന്ത്രി അധികാരത്തിലേറിയാൽ എന്ത് സംഭവിക്കുമെന്നാണ് കേരളമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഇന്നലെ സംസ്ഥാനത്തുണ്ടായ അക്രമങ്ങൾക്കെല്ലാം ഏക ഉത്തരവാദി മുഖ്യമന്ത്രിയാണ്.ഒരു കാര്യം ചെയ്യുമ്പോൾ അത് നാട്ടിൽ വിപത്തുമുണ്ടാക്കുമെന്ന് വിവേകശാലിയായ ഭരണാധികാരി ആലോചിക്കണം.വനിതാമതിൽ തീർത്തദിവസം രഹസ്യമായി ഇരുളിന്റെമറവിൽ യുവതികളെ സന്നിധാനത്ത് എത്തിച്ച് തന്റെ നവോത്ഥാനവാശി തീർക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.
ആക്ടിവിസ്റ്റായ യുവതികളെ തിരഞ്ഞു പിടച്ചാണ് കയറ്റിയത്. അതിൽ ഒരാൾ സിവിൽ സപ്‌ളൈസ് കോർപ്പറേഷനിലെ സി.ഐ.ടി.യു യൂണിയന്റെ ഭാരവാഹിയാണ്. ഒരാൾക്ക് സി.പി.ഐ എംഎല്ലുമായി ബന്ധമുണ്ടെന്നാണ് അറിയുന്നത്. ഇത് ഭക്തജനങ്ങളുടെ മനസിൽ മുറിവേൽപ്പിച്ചു.അടുത്ത കാലത്തൊന്നും അത് ഉണങ്ങില്ല.
നവോത്ഥാന സംരക്ഷണം എന്ന് മോഹിപ്പിച്ച് വനിത മതിലിൽ പങ്കെടുത്ത സംഘടനകളെയെല്ലാം മുഖ്യമന്ത്രി വഞ്ചിച്ചു. ആർ.എസ്.എസിന്റെയും സംഘപരിവാറിന്റെയും ആക്രമങ്ങളെയും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കോൺഗ്രസ് പ്രവർത്തകരെ പൈലറ്റ് വാഹനം ഇടിച്ചിട്ടതിനെയും ചെന്നിത്തല അപലപിച്ചു.