ആര്യനാട്: അരുവിക്കര മണ്ഡലത്തിലെ വിവിധ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 30 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചെന്ന് കെ.എസ് ശബരീനാഥൻ എം.എൽ.എ അറിയിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയിലുൾപ്പെടുത്തിയും എം.എൽ.എയുടെ ആസ്തി, പ്രാദേശിക വികസന ഫണ്ടുകളും വിനിയോഗിച്ചും 42 കോടി രൂപയുടെ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതി നടപ്പിലാക്കും. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലേയും തിരഞ്ഞെടുത്ത ഓരോ സർക്കാർ സ്കൂളുകൾ മികവിന്റെ കേന്ദ്രമാക്കും.
അരുവിക്കര നിന്നും മികവിന്റെ കേന്ദ്രമായി ഉയർത്തുന്ന പൂവച്ചൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് 5 കോടി രൂപ അനുവദിക്കും. വെള്ളനാട് ജി. കാർത്തികേയൻ സ്മാരക ഗവ. വി.എച്ച്.എസ്.എസ്, അരുവിക്കര ഗവ. എച്ച്.എസ്.എസ്, പരുത്തിപ്പള്ളി ഗവ. വി.എച്ച്. എസ്.എസ്, വിതുര ഗവ. വിഎച്ച്.എസ്.എസ്, ആര്യനാട് ഗവ.വി.എച്ച്.എസ്.എസ്, വിതുര ഗവ. യു.പി.എസ് എന്നിവയ്ക്ക് 3 കോടി രൂപ വീതം അനുവദിച്ചു. തൊളിക്കോട് ഗവ. എച്ച്.എസ്.എസ്, വീരണകാവ് ഗവ. വി.എച്ച്.എസ്.എസ്, പനയ്ക്കോട് വി.കെ കാണി ഗവ. എച്ച്.എസ്.എസ്, പൂവച്ചൽ ഗവ. യു.പി.എസ്, വെള്ളനാട് ഗവ. യു.പി.എസ് എന്നീ സ്കൂളുകൾക്ക് ഓരോ കോടി രൂപ വീതവും അനുവദിച്ചിട്ടുണ്ട്. മീനാങ്കൽ ട്രൈബൽ എച്ച്.എസ്.എസിന് 50 ലക്ഷം, അരുവിക്കര ഹയർസെക്കൻഡറി സ്ക്കൂളിന് 54 ലക്ഷം, പൂവച്ചൽ തോട്ടമ്പറ എൽ.പി എസിന് 25 ലക്ഷം, അഴിക്കോട് എൽ.പി.എസിന് 35 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഇവിടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. വെളളനാട് ജി. കാർത്തികേയൻ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ 8 കോടി രൂപ ചിലവഴിച്ച് 3 നിലകളിലായി ഹൈടെക് മന്ദിരം നേരത്തെ പൂർത്തിയാക്കിയിരുന്നു. മറ്റ് സ്കൂളുകളുടെ വികസനാവശ്യങ്ങൾ മനസിലാക്കിയുള്ള പദ്ധതികൾ തയാറാക്കുമെന്നും മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതി ഇതിലൂടെ യാഥാർത്ഥ്യമാക്കുമെന്നും എം.എൽ.എ അറിയിച്ചു.