നെടുമങ്ങാട് : എം.സി റോഡുമായി നെടുമങ്ങാടിനെ ബന്ധിപ്പിക്കുന്ന വട്ടപ്പാറ റോഡിലെ വാളിക്കോട് പാലത്തിന്റെ നിർമ്മാണോദ്ഘാടനം സി.ദിവാകരൻ എം.എൽ.എ നിർവഹിച്ചു.ഒരു വർഷത്തിനകം പുതിയ പാലം ജനങ്ങൾക്കായി സമർപ്പിക്കുമെന്നും നെടുമങ്ങാടിന്റെ സ്വപ്ന പദ്ധതിയായ നാലുവരിപ്പാത യാഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവന്റെ അദ്ധ്യക്ഷതയിൽ സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ആർ ജയദേവൻ സ്വാഗതം പറഞ്ഞു.ബ്ലോക്ക് പ്രസിഡന്റ് ബി.ബിജു,സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്,നഗരസഭ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഹരികേശൻ നായർ,ടിആർ സുരേഷ്കുമാർ,കൗൺസിലർമാരായ പി.ജി.പ്രേമചന്ദ്രൻ,പി.രാജീവ്, ഒ.ലളിതാംബിക,അജിതകുമാരി,ബ്രിഡ്ജസ് ചീഫ് എഞ്ചിനീയർ എം.എൻ ജീവരാജ്,ബിജു.കെ.ആർ തുടങ്ങിയവർ പ്രസംഗിച്ചു.നൂറ്റാണ്ടു പഴക്കമുള്ള വാളിക്കോട് പാലത്തിൻറെ ശോച്യാവസ്ഥ സംബന്ധിച്ച് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.ശബരിമല സ്ത്രീ പ്രവേശനത്തിൽ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസ്,ബി.ജെ.പി ജനപ്രതിനിധികളും നേതാക്കളും ശിലാസ്ഥാപന ചടങ്ങ് ബഹിഷ്കരിച്ചു.