തിരുവനന്തപുരം: കേരളാ പ്രവാസി കേരളീയ ക്ഷേമബോർഡ് ആവിഷ്‌കരിച്ച 'പ്രവാസി ഡിവിഡന്റ് പദ്ധതി 2018' നടപ്പാക്കുന്നതിന് പ്രവാസി കേരള ക്ഷേമ ആക്ടിൽ ഭേദഗതി വരുത്തി ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. പ്രവാസി കേരളീയരിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്നതിനും ഈ നിക്ഷേപം ഉപയോഗിച്ച് കിട്ടുന്ന തുകയും സർക്കാർ വിഹിതവും ചേർത്ത് നിക്ഷേപകർക്ക് പ്രതിമാസം ഡിവിഡന്റ് നൽകുന്ന പദ്ധതി നടപ്പാക്കാനും ഉദ്ദേശിച്ചാണ് നിയമം ഭേദഗതി ചെയ്യുന്നത്.
പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തുന്ന കേരളീയർക്ക് നിശ്ചിത വരുമാനം ലഭിക്കുന്ന രീതിയിലാണ് പ്രവാസി ഡിവിഡന്റ് പദ്ധതി വിഭാവനം ചെയ്തിട്ടുളളത്. ഈ പദ്ധതിയിലൂടെ സ്വരൂപിക്കുന്ന തുക കിഫ്ബിക്കും മറ്റ് സ്ഥാപനങ്ങൾക്കും വികസന പദ്ധതികൾ നടപ്പാക്കുന്നതിന് കൈമാറുന്നതാണ്.