കിളിമാനൂർ: ബി.ജെ.പി സംഘപരിവാർ സംഘടനകൾ നടത്തിയ ഹർത്താൽ കിളിമാനൂർ മേഖലയിൽ പൂർണമായിരുന്നു. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസുകൾ സർവീസ് നടത്തിയില്ല. ടാക്സി, ആട്ടോ, ടെമ്പോ വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. കട കമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. സർക്കാർ ഓഫീസുകളുടെ പ്രവർത്തനവും നിലച്ചു. ഹർത്താൽ അനുകൂലികൾ കിളിമാനൂരിൽ പ്രകടനം നടത്തി. കാരേറ്റ് ജംഗ്ഷനിൽ ഹർത്താൽ അനുകൂലികൾ റോഡിൽ തീ കത്തിച്ചു. പൊലീസ് എത്തി ലാത്തിച്ചാർജ് നടത്തി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഹർത്താലിന്റെ തലേ ദിവസം ബി.ജെ.പി സംഘപരിവാർ സംഘം കിളിമാനൂർ ടൗണിൽ സി.പി.എം കിളിമാനൂർ ഏരിയാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ് നടത്തി. ഓഫീസിന്റെ ജനൽ ചില്ലുകൾ കല്ലേറിൽ തകർന്നു. തുടർന്ന് കിളിമാനൂർ മാർക്കറ്റ് റോഡിൽ സാജി ആശുപത്രിക്ക് സമീപം ബി.ജെ.പി പ്രവർത്തകരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും ഏറ്റുമുട്ടി. ശക്തമായ കല്ലേറും നടന്നു. കിളിമാനൂർ പൊലീസ് എത്തി ഇരുവിഭാഗത്തെയും വിരട്ടിയോടിച്ചു.