തിരുവനന്തപുരം:ശബരിമലയിലെ യുവതീപ്രവേശനത്തിന്റെ പേരിൽ ബി.ജെ.പി പിന്തുണയോടെ ശബരിമല കർമ്മസമിതി നടത്തിയ ഹർത്താലിൽ അക്രമഭൂമിയായ നഗരത്തിൽ മാദ്ധ്യമപ്രവർത്തകരെയും ആക്രമിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ ബൈജു വി.മാത്യുവിന്റെ കൈ ആക്രമണത്തിൽ ഒടിഞ്ഞു. പ്രവർത്തകരിലൊരാൾ ബൈജുവിന്റെ ചെകിട്ടത്ത് അടിച്ചു. മറ്റു മാദ്ധ്യമപ്രവർത്തകരെ ആക്രമിക്കാൻ പ്രവർത്തകർ ഓടിയടുക്കുകയും ചെയ്‌തു.
നഗരത്തിൽ വ്യാപക സംഘർഷമാണ് ഉണ്ടായത്. വാഹനങ്ങൾക്ക് നേരെയും അക്രമമുണ്ടായി. സെക്രട്ടേറിയറ്റിന് മുന്നിൽ തെരുവുയുദ്ധ സമാനമായിരുന്നു അവസ്ഥ. സംഘർഷം ഉണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് രാവിലെ വൻ പൊലീസ് സന്നാഹം സെക്രട്ടേറിയറ്റിന് മുന്നിൽ നിലയുറപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ബോർഡുകൾ തകർത്ത പൊതുപണിമുടക്ക് സംഘാടക സമിതി ഓഫീസിന് മുന്നിലും പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നു. പുളിമൂട് നിന്ന് ബി.ജെ.പിയുടെ നിരാഹാര സമരപ്പന്തലിന് മുന്നിലേക്ക് പ്രവർത്തകർ മാർച്ചായി എത്തുന്നതിനിടെ റോഡരികിൽ സ്ഥാപിച്ചിരുന്ന സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ഫ്ലക്സുകൾ വലിച്ചു കീറുകയും ബോർഡുകൾ അടിച്ചു തകർക്കുകയും ചെയ്തു. അക്രമാസക്തരായി വന്ന സംഘം പുളിമൂടിന് സമീപത്ത് കോ ഓപ്പറേറ്റിവ് എംപ്ലോയീസ് യൂണിയൻ സമ്മേളനത്തിനായി സ്ഥാപിച്ച സ്വാഗതസംഘം ആഫീസിന്റെ കമാനങ്ങൾ അടിച്ചു തകർത്തു. ഇത് ചിത്രീകരിച്ചപ്പോഴാണ് മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ചത്.
അഞ്ഞൂറിലധികം പേരുണ്ടായിരുന്ന പ്രകടനത്തിന്റെ പിൻനിരയിൽ നിന്നുള്ള കല്ലേറിൽ ആർ.എസ് . എസ് ജില്ലാ കാര്യവാഹക് അനീഷ് കുമാറിന്റെ തലയ്ക്ക് പരിക്കേറ്റു. ഇയാളെ നേതാക്കൾ സേവാഭാരതിയുടെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു.
മാദ്ധ്യമ പ്രവർത്തകരെ തുടർച്ചയായി രണ്ടാം ദിവസവും ആക്രമിച്ചതിൽ പ്രതിഷേധിച്ച് സമരപ്പന്തലിൽ നടന്ന യോഗവും ഉച്ചയ്ക്ക് സംസ്ഥാന പ്രസിഡന്റ് പി.എസ് .ശ്രീധരൻപിള്ള വിളിച്ച പത്ര സമ്മേളനവും മാദ്ധ്യമ പ്രവർത്തകർ ബഹിഷ്‌കരിച്ചു. മാദ്ധ്യമ പ്രവർത്തകരെ അനുനയിപ്പിക്കാൻ ബി.ജെ.പി നേതാവ് പി.കെ.കൃഷ്ണദാസും, അഡ്വ .എസ്. സുരേഷും അടക്കമുള്ള ബി.ജെ.പി നേതാക്കൾ സംസാരിച്ചു നിൽക്കുമ്പോഴും പ്രവർത്തകർ സംഘമായെത്തി ആക്രമണത്തിന് മുതിർന്നു. ഇതോടെ പ്രവർത്തകരെ നേതാക്കൾ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
പിന്നീട് സമരപ്പന്തലിൽ നിന്ന് ചെറു സംഘമായി ഇറങ്ങിയ ആർ.എസ് .എസ് പ്രവർത്തകർ കുറുവടികളും തടിക്കഷണങ്ങളുമായെത്തി തുറന്ന കടകൾ ബലം പ്രയോഗിച്ച് അടപ്പിച്ചു. ചാലയിലടക്കം പ്രവർത്തകർ സംഘടിച്ചെത്തി കടകൾ അടപ്പിച്ചു. വിസമ്മതിച്ച കടയുമകളെ കുറുവടികൾ കാട്ടി ഭീഷണിപ്പെടുത്തി. എതിരെ വന്ന വാഹനങ്ങളും തടഞ്ഞു. കടകൾ അടപ്പിക്കാൻ ശ്രമിക്കുമ്പോഴും പൊലീസ് ഇടപെടാതെ മാറിനിൽക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെ പ്രവർത്തകർ പിരിഞ്ഞുപോയ ശേഷമാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമാധാന അന്തരീക്ഷം ഉണ്ടായത്.