atl03jg

ആറ്റിങ്ങൽ: അടിച്ചു മോനേ... 28 കോടി! ദുബായ് ബിഗ് ലോട്ടറി ഒന്നാം സമ്മാനമായ 15 മില്യൻ ദിർഹത്തിന്റെ (28 കോടി രൂപ) മഹാഭാഗ്യം തേടിയെത്തിയത് ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി ശരത് പുരുഷോത്തമനെ!

മുപ്പത്തിനാലുകാരനായ ശരത് പതിനൊന്നു വ‌ർഷമായി ദുബായിൽ ജുബിലാലി ഫ്രീ സോണിലെ നാഫ്കേ കമ്പനിയിൽ ടെക്നീഷ്യൻ ആണ്. ഗ്രാമത്തുംമുക്ക് കണ്ണറമൂല വീട്ടിൽ പരേതനായ പുരുഷോത്തമന്റെയും ഗീതയുടെയും മകനായ ശരത്തിന് നാട്ടിലായാലും ദുബായിൽ ആയാലും ലോട്ടറി ഹരമാണ്. എല്ലാ മാസവും ലോട്ടറിയിൽ ഭാഗ്യം പരീക്ഷിക്കും. നാട്ടിൽ നേരത്തേ ഓണം,​ വിഷു ലോട്ടറികളിൽ 5000 രൂപ വീതം അടിച്ചു. അതിലും വലിയ തുകയൊന്നും കിട്ടിയിട്ടില്ലെങ്കിലും ശരത് പരീക്ഷണം തുടർന്നു.

മകളുടെ നൂലുകെട്ടിന് ശരത് നാട്ടിലെത്തി മടങ്ങിയിട്ട് ആറു മാസം ആയതേയുള്ളൂ. ഗൾഫിൽ ഓൺലൈൻ വഴിയാണ് ലോട്ടറിയെടുപ്പ്. ടിക്കറ്റൊന്നിന് 500 ദിർഹം. കഴിഞ്ഞ മാസം അങ്ങനെ മൂന്നു ലോട്ടറി എടുത്തു. അതിലൊന്നാണ് ഇപ്പോൾ ബമ്പറടിച്ചത്. 2017 മാർച്ചിലായിരുന്നു വിവാഹം. ഭാര്യ കാർത്തിക. സഹോദരങ്ങളായ ശ്യാമും ശരണും അബുദാബിയിലാണ്.