ലക്ഷ്യം സ്ത്രീകളെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുക
തിരുവനന്തപുരം: ബി.ജെ.പി നടത്തിയ അക്രമങ്ങൾ ആസൂത്രിതമാണെന്നും ഏതു സ്ഥലത്ത് എന്തെല്ലാം ആക്രമങ്ങൾ നടത്തണമെന്ന് ആർ.എസ്.എസ് നേതൃത്വത്തിന്റെ നിർദ്ദേശമുണ്ടായിരുന്നെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഹർത്താലിൽ അഞ്ഞൂറോളം കേന്ദ്രങ്ങളിൽ അക്രമം നടന്നു. ഇരുപതിൽപ്പരം സി.പി.എം ഓഫീസുകളും രണ്ട് സി.പി.ഐ ഓഫീസുകളും തകർത്തു. സി.പി.എം നേതാക്കൾ, പ്രവർത്തകർ എന്നിവരുടെ വീടുകൾക്കുനേരെ വ്യാപക അക്രമമുണ്ടായി. 15 പാർട്ടി പ്രവർത്തകർക്ക് പരിക്കേറ്റു. സി.പി.എം പ്രചാരണ ബോർഡുകളും കൊടിമരങ്ങളും നശിപ്പിച്ചു. കടകൾക്കും സ്ഥാപനങ്ങൾക്കും നേരെ കല്ലും ബോംബുമെറിഞ്ഞു.
വനിതാ മാദ്ധ്യമപ്രവർത്തകരെപ്പോലും വെറുതേ വിട്ടില്ല. സാമൂഹിക മുന്നേറ്റത്തിന്റെ ഭാഗമാകുന്ന സ്ത്രീകളെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുക എന്ന അജൻഡയാണ് ഇതിനു പിന്നിൽ. വനിതാ മതിലിന്റെ വിജയം സംഘപരിവാർ നേതൃത്വത്തെ പരിഭ്രാന്തരാക്കിയിട്ടുണ്ട്.
യുവതികൾ ശബരിമലയിൽ പ്രവേശിച്ചതോടെ ബി.ജെ.പി നേതൃത്വം ഇളിഭ്യരും പരിഭ്രാന്തരുമായി. യുവതികളെ ശബരിമലയിൽ കയറ്റില്ലെന്ന അവരുടെ പ്രഖ്യാപനം പാഴായി. ആയിരക്കണക്കിന് പ്രവർത്തകരെയാണ് അവർ ശബരിമലയിൽ വിന്യസിച്ചത്. എന്നിട്ടും യുവതികൾ പ്രവേശിച്ചത് ആർ.എസ്.എസ് അജൻഡകൾ കേരളത്തിൽ വിലപ്പോവില്ലെന്നതിന്റെ തെളിവാണ്. വിശ്വാസത്തിന്റെ പേരിൽ കലാപം അഴിച്ചുവിടുന്നത് ജനം കൈയും കെട്ടി നോക്കിനിൽക്കില്ല. 22ന് റിവ്യൂ ഹർജി വരുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമ ബി.ജെ.പി കാട്ടണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ഓർഡിനൻസ് നീക്കം അപകടകരം
ശബരിമല വിധിക്കെതിരെ പാർലിമെന്റിൽ ഓർഡിനൻസ് കൊണ്ടുവരാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള യു.ഡി.എഫ് എം.പിമാരുടെ നീക്കം അപകടകരമാണെന്ന് കോടിയേരി പറഞ്ഞു. സംഘപരിവാറിനെ തൃപ്തിപ്പെടുത്താനുള്ള തീരുമാനമാണിത്. മോദി ഇത് ഉപയോഗിക്കാൻ പോകുന്നത് അയോദ്ധ്യ പ്രശ്നത്തിനു വേണ്ടിയായിരിക്കും. ശബരിമല ക്ഷേത്രനട അടച്ചതിൽ തന്ത്രിയെ ന്യായീകരിച്ച രമേശ് ചെന്നിത്തലയുടെ നിലപാട് കോൺഗ്രസിന് ചേർന്നതല്ലെന്നും കോടിയേരി പറഞ്ഞു.