india-australia-4th-test-
INDIA AUSTRALIA 4TH TEST SYDNEY

സിഡ്നി : പരമ്പരയിലെ മൂന്നാം സെഞ്ച്വറിയുമായി ചേതേശ്വർ പുജാര സിഡ്നിയിലും വൻമതിലായപ്പോൾ ആസ്ട്രേലിയയ്ക്കെതിരായ നാലാമത്തേതും അവസാനത്തേതുമായ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ പുജാരയുടെയും (130 നോട്ടൗട്ട്), മായാങ്ക് അഗർവാളിന്റയും മികച്ച പ്രകടനങ്ങളുടെ പിൻബലത്തിൽ ആദ്യദിനം കളിനിറുത്തുമ്പോൾ 303/4 എന്ന സ്കോർ ഉയർത്തി. ലോകേഷ് രാഹുൽ (9), മായാങ്ക്(77), ക്യാപ്ടൻ കൊഹ്‌ലി (23), വൈസ് ക്യാപ്ടൻ രഹാനെ (18) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് ഇന്നലെ നഷ്ടമായത്.

രോഹിത് ശർമ്മ നാട്ടിലേക്ക് മടങ്ങിയതോടെ ടീമിൽ ഇടംലഭിച്ച ലോകേഷ് രാഹുൽ ഒരിക്കൽകൂടി നിരാശപ്പെടുത്തിയപ്പോൾ പതിവുപോലെ നേരത്തെ തന്നെ ക്രീസിലേക്ക് ഇറങ്ങുകയായിരുന്നു പുജാര. നേരിട്ട ആറ് പന്തുകളിൽ രണ്ട് ബൗണ്ടറികൾ പായിച്ച രാഹുൽ രണ്ടാം ഒാവറിൽത്തന്നെ ഹേസൽവുഡിന്റെ ബൗളിംഗിൽ ഫസ്റ്റ് സ്ളിപ്പിൽ മാർഷിന് ക്യാച്ച് നൽകി. രണ്ടാം ഒാവറിൽ ക്രീസിലെത്തിയ പുജാര 90-ാം ഒാവർവരെ കളി തുടർന്നു. ഇതിനിടയിൽ വ്യക്തിഗത സ്കോർ 12 ൽ നിൽക്കവേ കീപ്പർ ക്യാച്ച് വിധി ഡിസിഷൻ റിവ്യൂവിലൂടെ തിരുത്തിയതൊഴിച്ചാൽ ഒാസീസ് ബൗളർമാർക്ക് കാര്യമായ ഒരവസരവും പുജാര നൽകിയില്ല.

മെൽബണിലെ അരങ്ങേറ്റ ഇന്നിംഗ്സിൽ 76 റൺസ് നേടിയിരുന്ന മായാങ്ക് അഗർവാൾ രണ്ടാംടെസ്റ്റിൽ രണ്ടാം അർദ്ധസെഞ്ച്വറി കുറിച്ചു. പുജാരയ്ക്കൊപ്പം 116 റൺസ് കൂട്ടിച്ചേർത്ത മായാങ്ക് 112 പന്തുകളിൽ ഏഴ് ബൗണ്ടറികളും രണ്ട് സിക്സുകളും പായിച്ചു. ലഞ്ചിന് പിരിയുമ്പോൾ 69/1 എന്ന നിലയിലായിരുന്ന ഇന്ത്യ ചായ സമയത്ത് 177/2 എന്ന നിലയിലായിരുന്നു. 34-ാം ഒാവറിൽ ലിയോണിന്റെ പന്തിൽ സ്റ്റാർക്കിന് ക്യാച്ച് നൽകിയാണ് മായാങ്ക് മടങ്ങിയത്.

തുടർന്ന് കൊഹ്‌ലിയെകൂട്ടി ചായ സമയംവരെ കളിച്ച പുജാര അർദ്ധ സെഞ്ച്വറി കടന്ന് മുന്നേറി ചായയ്ക്കുശേഷം കൊഹ്‌ലി കീപ്പർ ക്യാച്ച് നൽകി മടങ്ങി.രഹാനെ ഒരു ബൗൺസർ കീപ്പർക്ക് സമ്മാനിച്ചപ്പോൾ ഇന്ത്യ 228/4 എന്ന നിലയിലായി. തുടർന്നിറങ്ങിയ ഹനുമവിഹാരിയെ കൂട്ടുനിറുത്തിയാണ് പുജാര സെഞ്ച്വറി തികച്ചത്. 199 പന്തുകളാണ് പുജാരയ്ക്ക് സെഞ്ച്വറി തികയ്ക്കാൻ വേണ്ടിവന്നത്.

പരിക്കിൽനിന്ന് പൂർണമായി മോചിതനാകാത്ത ആർ. അശ്വിനെ ഒഴിവാക്കിയാണ് ഇന്നലെ ഇന്ത്യ കളിക്കാനിറങ്ങിയത്..

കുൽദീപ് യാദവ് രവീന്ദ്ര ജഡേജയ്ക്കൊപ്പം സ്പിന്നറായി ടീമിലെത്തിയപ്പോൾ ലോകേഷ് രാഹുൽ രോഹിതിന് പകരം കളത്തിലിറങ്ങി. ലോകേഷ് എത്തിയതിനാൽ ഹനുമ വിഹാരി മദ്ധ്യനിരയിലേക്ക് മാറി.

ആസ്ട്രേലിയ യുവ സ്പിന്നർ മാർനസ് ലബുഷാംഗെയെ ടീമിൽ ഉൾപ്പെടുത്തി. മിച്ചൽ മാർഷിനെയും പീറ്റർ ഹാൻഡ്സ് കോംമ്പിനെയും ആസ്ട്രേലിയ ഒഴിവാക്കി.

സ്കോർ ബോർഡ്

ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് മായാങ്ക് അഗർവാൾ സി സ്റ്റാർക്ക് ബി ലിയോൺ 77, രാഹുൽ സിമാർഷ് ബി ഹേസൽവുഡ് 9, ചേതേശ്വർ പൂജാര നോട്ടൗട്ട് 130, കൊഹ്‌ലി സി പെയ്ൻ ബി ഹേസൽവുഡ് 23, രഹാനെ സി പെയ്ൻ ബി സ്റ്റാർക്ക് 18, വിഹാരി നോട്ടൗട്ട് 39,

എക്സ്ട്രാസ് 7, ആകെ 90 ഒാവറിൽ 303/4.

വിക്കറ്റ് വീഴ്ച : 1-10 (രാഹുൽ), 2-126 (മായാങ്ക്), 3-180 (കൊഹ്‌‌ലി), 4-228 (രഹാനെ). ബൗളിംഗ് : സ്റ്റാർക്ക് 18-0-75-1, ഹേസൽ വുഡ് 20-7-51-2, കുമ്മിൻസ് 19-3-62-0, ലിയോൺ 29-5-88-1, ലബുഷാംഗെ 4-0-25-0.