kanam-

തിരുവനന്തപുരം: ഹർത്താലിന്റെ മറവിൽ വ്യാപക അക്രമം നടത്താൻ ക്വട്ടേഷൻ സംഘങ്ങളെ ബി.ജെ.പി ഏല്പിക്കുകയായിരുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ബി.ജെ.പി അക്രമങ്ങൾക്കെതിരെ സി.പി.ഐ ഇന്ന് പ്രതിഷേധദിനമാചരിക്കും.

രാഷ്ട്രീയപ്പാർട്ടികളുടെ ഓഫീസുകൾക്കുനേരെ ഇത്രയേറെ ആക്രമണമുണ്ടായൊരു ഹർത്താൽ സമീപകാല കേരളം കണ്ടിട്ടില്ല. പാലക്കാട്ട് സി.പി.ഐ ജില്ലാ കൗൺസിൽ ഓഫീസുൾപ്പെടെ അഞ്ച് സി.പി.ഐ ഓഫീസുകളും 20ലേറെ സി.പി.എം ഓഫീസുകളും ആക്രമിച്ചു. വീടുകൾ തകർത്തു. മാദ്ധ്യമപ്രവർത്തകരെയും ആക്രമിച്ചു. കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യവാഹനങ്ങളും കച്ചവടസ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു.

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിവിധി നടപ്പാക്കുകയെന്ന ഭരണഘടനാബാദ്ധ്യത നിറവേറ്റുക മാത്രമാണ് സർക്കാർ ചെയ്തത്. അതിന്റെ പേരിലുള്ള സമരം സുപ്രീംകോടതിവിധിക്കെതിരെയുള്ളതാണ്. യുവതീപ്രവേശനത്തിനെതിരെ വെള്ളാപ്പള്ളി നടേശൻ രംഗത്ത് വന്നതിനെപ്പറ്റിയുള്ള ചോദ്യത്തിന്, വനിതാമതിൽ തീർന്നതോടെ അതിന്റെ സംഘാടകസമിതിയുടെ പ്രവർത്തനമവസാനിച്ചെന്നും അദ്ദേഹത്തിന് വ്യക്തിപരമായ അഭിപ്രായമാകാമെന്നും യുവതികൾ കയറുന്നതും സ്ത്രീകളുടെ തുല്യതയും വെവ്വേറെ വിഷയമാണെന്നും കാനം മറുപടി നൽകി. അസി. സെക്രട്ടറിമാരായ കെ. പ്രകാശ് ബാബുവും സത്യൻ മൊകേരിയും വാർത്താസമ്മേളനത്തിനെത്തി.