അക്രമികളെ പിടികൂടാൻ ഓപ്പറേഷൻ 'ബ്രോക്കൺ വിൻഡോ'
തിരുവനന്തപുരം: എല്ലാ ജില്ലകളിലെയും അക്രമങ്ങൾ അന്വേഷിക്കാനും പ്രതികളെ പിടികൂടാനും പൊലീസ് ആരംഭിച്ച 'ബ്രോക്കൺ വിൻഡോ' പ്രത്യേകദൗത്യത്തിൽ ഇന്നലെ വൈകിട്ട് ആറുവരെ 750 പേരെ അറസ്റ്റ് ചെയ്തു. 628പേരെ കരുതൽ തടങ്കലിലാക്കി. സംസ്ഥാനത്താകെ 559 കേസുകൾ രജിസ്റ്റർ ചെയ്തതായും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. തിരുവനന്തപുരത്ത് മാത്രം 90പേർ അറസ്റ്റിലായിട്ടുണ്ട്.
അക്രമികളെ പിടികൂടി കർശന നടപടിയെടുക്കാൻ പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. അക്രമികളെ അറസ്റ്റ് ചെയ്യാൻ ജില്ലാ പൊലീസ് മേധാവിമാരുടെയും മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. അറസ്റ്റിലാകുന്നവർക്കെതിരെ ശക്തമായ വകുപ്പുകൾ ചുമത്തി കേസെടുക്കും.
അക്രമം കാട്ടിയശേഷം ശബരിമലയിലേക്കും മറ്റ് ജില്ലകളിലേക്കും പോയവരെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചുകൾ നടപടിയെടുക്കും. സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച് അക്രമികളുടെ ലിസ്റ്റ് തയ്യാറാക്കി ജില്ലാ പൊലീസ് മേധാവിമാർക്ക് കൈമാറും. അക്രമികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് പരിശോധിക്കും. ആയുധങ്ങൾ കണ്ടെത്താൻ ഇവരുടെ വീടുകളിൽ റെയ്ഡ് നടത്തും. കുറ്റവാളികളുടെ ഡാറ്റാബേസ് എല്ലാ ജില്ലകളിലും സൂക്ഷിക്കുകയും അവരെ നിരീക്ഷണത്തിലാക്കുകയും ചെയ്യും. അക്രമികളുടെ ഫോട്ടോ ആൽബം തയ്യാറാക്കാൻ ജില്ലാ പൊലീസ് മേധാവിമാർ ഡിജിറ്റൽ ടീമിന് രൂപം നൽകും. അക്രമികളെ അറസ്റ്റ് ചെയ്യാൻ ഈ ആൽബം ഉദ്യോഗസ്ഥർക്ക് നൽകും. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ വർഗ്ഗീയ വിദ്വേഷം പടർത്തുന്നവരെയും അറസ്റ്റ് ചെയ്യുമെന്നും ഡി.ജി.പി ബെഹ്‌റ അറിയിച്ചു.
നാശത്തിന്റെ കണക്കെടുക്കുന്നു
ഇന്നലെ പൊലീസ് ആസ്ഥാനത്തു ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം അക്രമങ്ങൾ നേരിടാനും തുടർനടപടികൾക്കുമുള്ള മാർഗ്ഗരേഖ തയ്യാറാക്കി. ജില്ലാ പൊലീസ് മേധാവിമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് വിഡിയോ കോൺഫറൻസിലൂടെ നിർദ്ദേശിച്ചു. അറസ്റ്റിലാവുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകളും പൊതുമുതൽ നശിപ്പിച്ചതിനുള്ള വകുപ്പും ചുമത്തും. അക്രമത്തിലുണ്ടായ നാശനഷ്ടത്തിന്റെ കണക്ക് ശേഖരിച്ചുതുടങ്ങി. പൊതുമുതൽ നശിപ്പിച്ചവരിൽ നിന്ന് നഷ്ടം ഈടാക്കാനാണ് തീരുമാനം. ഇതിനായി അവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും. രാത്രിയിലെ ക്രമസമാധാന പാലനത്തിൽ കൂടുതൽ ശ്രദ്ധവേണമെന്ന് ഡി.ജി.പി നിർദ്ദേശിച്ചു. ഡി.ജി.പി ലോക്‌നാഥ് ബെഹ്റയ്‌ക്ക് പുറമെ ഇന്റലിജൻസ് മേധാവി ടി.കെ.വിനോദ്കുമാർ, എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി പി.വിജയൻ എന്നിവരാണ് വിഡിയോ കോൺഫറൻസ് നടത്തിയത്.