d

ബാലരാമപുരം: ശബരിമല സ്ത്രീപ്രവേശനത്തിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതിയുടെ ഹർത്താലിനിടെ വ്യാപക അക്രമം. ബാലരാമപുരത്ത് നടന്ന അക്രമ സംഭവങ്ങളിൽ കണ്ടാലറിയാവുന്ന 200 ഓളം ബി.ജെ.പി - സി.പി.എം പ്രവർത്തകർക്കെതിരെ ബാലരാമപുരം പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ബി.ജെ.പി നടത്തിയ പ്രകടനത്തിനിടെ ബാലരാമപുരം ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന സി.പി.എമ്മിന്റെ ഫ്ലക്‌സുകൾ നശിപ്പിച്ചതാണ് പ്രകോപനത്തിനിടയാക്കിയത്. ബുധനാഴ്ച വൈകിട്ട് ബാലരാമപുരത്ത് നടത്തിയ പ്രകടനത്തിൽ ബാലരാമപുരം സർവീസ് സഹകരണ ബാങ്കിന്റെ മുൻഭാഗത്തെ ഗ്ലാസിന് നേരെ കല്ലേറുണ്ടായി. ഇതിൽ പ്രതിഷേധിച്ച് സി.പി.എം നടത്തിയ പ്രകടനത്തിനിടെ ബി.ജെ.പി ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി നോർത്ത് പ്രസിഡന്റ് പുന്നക്കാട് ബിജുവിന്റെ രാജകുമാരി ടെക്സ്റ്റൈൽ കടയുടെ മുൻഭാഗത്തെ ഗ്ലാസ് എറിഞ്ഞുതകർത്തു. ബൈക്കിലെത്തിയ അക്രമിസംഘം ബാലരാമപുരത്ത് മൂന്ന് കെ.എസ്.ആർ.ടി.സി ബസിന്റെ ഗ്ലാസുകൾ എറിഞ്ഞുതകർത്തു. വെടിവെച്ചാൻകോവിൽ ജംഗ്ഷനിൽ രണ്ട് കെ.എസ്.ആ‍ർ.ടി.സി ബസുകൾ തകർത്ത സംഭവത്തിൽ നരുവാമൂട് പൊലീസ് കേസെടുത്തതായി എസ്.ഐ എം.ആർ. പ്രസാദ് അറിയിച്ചു. സംഘർഷമുണ്ടാക്കാൻ ശ്രമിച്ച ബി.ജെ.പി പ്രവർത്തകരെ ബി.ജെ.പിയുടെ പാർട്ടി കാര്യാലയത്തിലെത്തി പൊലീസ് വിരട്ടിയോടിച്ചു. ഇതിൽ അഞ്ചോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസ് നടപടിയെ തുടർന്ന് ബി.ജെ.പി ബാലരാമപുരത്ത് ഇന്നലെ നടത്താനിരുന്ന പ്രതിഷേധ പ്രകടനം ഒഴിവാക്കി. ബാലരാമപുരത്ത് തോട്ടത്തുവിളാകത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറി എസ്. അജയഘോഷിന്റെ വീടിന് നേരെയും ആക്രമണം നടന്നു. വീടിന്റെ ജനാലകളും സമീപം പാർക്ക് ചെയ്‌തിരുന്ന ആട്ടോറിക്ഷയും കല്ലെറിഞ്ഞ് തകർത്തു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി എൻ. രാജന്റെ വീടിന് നേരെയും കല്ലേറുണ്ടായി. ശാന്തിവിള കുറുവാണി ജംഗ്ഷനിൽ ഇ.എം.എസ് സ്‌തൂപം അക്രമികൾ തകർത്തു. പാപ്പനംകോട്,​ കൈമനം എന്നിവിടങ്ങളിൽ സി.പി.എമ്മിന്റെ കൊടിതോരണങ്ങൾ നശിപ്പിച്ചു. നരുവാമൂട് ട്രിനിറ്റി കോളേജിന് സമീപം ബ്യൂട്ടി പാർലർ അടപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് സി.പി.എമ്മും ബി.ജെ.പി പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇടക്കോട്,​ മൊട്ടമൂട്,​ അരിക്കടമുക്ക് എന്നിവിടങ്ങളിൽ പ്രചാരണബോർഡുകൾ തകർത്തു.