തിരുവനന്തപുരം : 14 ന് തുടങ്ങി മാർച്ച് 1 ന് സമാപിക്കുന്ന അഗസ്ത്യാർകൂടം ട്രെക്കിംഗിനായുള്ള ബുക്കിംഗ് അഞ്ചിന് രാവിലെ 11 മുതൽ ആരംഭിക്കും. ഒരു ദിവസം നൂറുപേർക്ക് മാത്രമേ പാസ് അനുവദിക്കൂവെന്ന് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. സന്ദർശകർക്കുള്ള പ്രവേശന പാസുകൾ ഓൺലൈൻ മുഖേനയോ അക്ഷയകേന്ദ്രം വഴിയോ ബുക്ക് ചെയ്യാം. അംഗങ്ങളുടെ ഫോട്ടോയും തിരിച്ചറിയൽ കാർഡിന്റെ പകർപ്പും കൊണ്ടുവരണം . ഓരോരുത്തരുടെയും തിരിച്ചറിയൽ കാർഡ് നമ്പർ ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തണം.ആയിരം രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക് .പരമാവധി 10 പേരുകൾ മാത്രമേ ഒരു ടിക്കറ്റിൽ ഉൾപ്പെടുത്താൻ സാധിക്കൂ.അക്ഷയ കേന്ദ്രത്തിൽ ടിക്കറ്റ് ചാർജിന് പുറമേ പേയ്‌മെന്റ് ഗേറ്റ് വേ ചാർജുകൾ ഈടാക്കും. സ്വന്തമായി നെറ്റ് ബാങ്കിംഗ്,ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് സൗകര്യവും ഇന്റർനെറ്റ് കണക്‌ഷനും ഉള്ളവർ www .forest .kerala .gov .in അല്ലെങ്കിൽ serviceonline .gov .in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം.14 വയസിന് താഴെയുള്ള കുട്ടികൾക്ക് ട്രെക്കിംഗിനായി അപേക്ഷിക്കാൻ പാടില്ല.ശാരീരികക്ഷമതയുള്ളവർ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ. സ്ത്രീകൾക്ക് പ്രത്യേക പരിഗണനയില്ല .പത്തുപേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റി ഏർപ്പെടുത്തുന്ന ഒരു ഗൈഡിന്റെ സേവനം ലഭിക്കും.