harthal

തിരുവനന്തപുരം : കേരളത്തെ കലാപ ഭൂമിയാക്കി ഹർത്താൽ ദിനമായ ഇന്നലെ പതിന്നാല് ജില്ലകളിലും പരക്കെ അക്രമവും തെരുവ് യുദ്ധവും നടമാടി.

കടകൾ അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവർത്തകരും പൊലീസും തമ്മിലാണ് രാവിലെ ഏറ്റുമുട്ടലുകൾ നടന്നത്. ഉച്ചയോടെ ചേരിതിരിഞ്ഞ് ബി.ജെ.പി -സി.പി.എം പ്രവർത്തകർ തമ്മിൽ നടന്ന കല്ലേറ് റോഡിൽ അരാജകാവസ്ഥ സൃഷ്ടിച്ചു. നിരവധി സി.പി.എം, ബി.ജെ.പി പാർട്ടി ഒാഫീസുകളും ആക്രമിക്കപ്പെട്ടു. റോഡിൽ ടയർ കത്തിപ്പും ഫ്ളക്സ് നശിപ്പിക്കലും വാഹനങ്ങൾക്ക് നേരെ കല്ലേറും ചിലയിടങ്ങളിൽ ബോംബേറും നടന്നു. മുപ്പതോളം പൊലീസുകാർക്കും വിവിധ കക്ഷികളുടെ 200 ഒാളം പ്രവർത്തകർക്കും പരിക്കേറ്റു. 70 കെ.എസ്.ആർ.ടി.സി ബസുകളും നശിപ്പിക്കപ്പെട്ടു. 750 പേർ അറസ്റ്റിലായി. സി.പി.എമ്മിന്റെ 20ഉം സി.പി.ഐയുടെ 5ഉം ബി.ജെ.പിയുടെ 10ഉം ഒാഫീസുകളും ആക്രമിക്കപ്പെട്ടു.

മാദ്ധ്യമ പ്രവർത്തകർക്ക് മർദ്ദനം, ബോംബേറ്

തിരുവനന്തപുരം

സെക്രട്ടേറിയറ്റിന് മുന്നിൽ വാഹനങ്ങൾക്ക് നേരെ കല്ലേറും അക്രമവും നടന്നു. പുളിമൂട്ടിൽ ഹർത്താലനുകൂലികൾ ഫ്ളക്സ് നശിപ്പിച്ചത് പകർത്തിയ മാദ്ധ്യമ പ്രവർത്തകരെ മർദ്ദിച്ചു. ഏഷ്യാനെറ്റ് കാമറാമാൻ ബൈജു വി. മാത്യുവിന്റെ കൈ ഒടിഞ്ഞു. മറ്റു മാദ്ധ്യമപ്രവർത്തകരെ അടിച്ചോടിച്ചു. കല്ലേറിൽ ആർ.എസ്.എസ് ജില്ലാകാര്യ വാഹക് അനീഷ് കുമാറിന്റെ തല പൊട്ടി.

സമയത്ത് ആംബുലൻസ് കിട്ടാത്തതിനാൽ വയനാട് സ്വദേശി പാത്തുമ്മ (64) തമ്പാനൂർ റെയിൽവേ പ്ളാറ്റ് ഫോമിൽ കുഴഞ്ഞുവീണുമരിച്ചു. ആർ.സി.സിയിൽ ചികിത്സയ്ക്ക് വന്നതായിരുന്നു ഇവർ.

നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബേറ് നടന്നു. സ്റ്റേഷന്റെ മുന്നിലുള്ള റോഡിൽ വീണ ബോംബ് പൊട്ടിയെങ്കിലും ആർക്കും പരിക്കേറ്റില്ല.

രാവിലെ എട്ടരയോടെ ആനാട് ജംഗ്ഷനിൽ കടയടപ്പിക്കൽ തടയുന്നതിനിടെ ബി.ജെ.പി പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. നെടുമങ്ങാട് എസ്.ഐ സുനിൽ ഗോപിയുടെ കൈ ഒടിഞ്ഞു. എട്ട് പൊലീസുകാർക്കും പത്തോളം പ്രവർത്തകർക്കും പരിക്കേറ്റു. രണ്ട് ബി.ജെ.പി കൗൺസിലർമാരുടെയും ഒരു സി.പി.എം കൗൺസിലറുടെയും ഉൾപ്പെടെ 5 വീടുകൾ അടിച്ചുതകർത്തു.

3 ബി.ജെ.പി പ്രവർത്തകർക്ക് വെട്ടേറ്റു

തൃശൂർ

എസ്.‌ഡി.പി.ഐ പ്രവർത്തകരുമായുള്ള ഏറ്റുമുട്ടലിനിടെ വാടാനപ്പള്ളിയിൽ ബി.ജെ.പി പ്രവർത്തകരായ സുജിത്ത്, രതീഷ്, കൃഷ്ണൻകുട്ടി എന്നിവർക്ക് വെട്ടേറ്റു. വടക്കാഞ്ചേരിയിൽ സി.പി.എം ഒാഫീസിനും കൊച്ചുകടവിൽ ബി.എം.എസ് ഒാഫീസിനും നേരെ കല്ലേറ് ഉണ്ടായി.

ബി.ജെ.പി- സി.പി.എം തെരുവ് യുദ്ധം

പാലക്കാട്

പലയിടത്തും ബി.ജെ.പി-സി.പി.എം അണികളുടെ ഏറ്റുമുട്ടൽ തെരുവ് യുദ്ധമായി. സി.പി.ഐ ജില്ലാകമ്മിറ്റി ഒാഫീസ് തകർത്തു. സി.പി.എം ജില്ലാകമ്മിറ്റി ഒാഫീസിനും ബി.ജെ.പി ജില്ലാകമ്മിറ്റി ഒാഫീസിനും നേരെ അക്രമം ഉണ്ടായി. ഒറ്റപ്പാലത്ത് കല്ലേറിൽ 15 പൊലീസുകാർക്ക് പരിക്കേറ്റു.

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഒാഫീസ് കത്തിച്ചു

മലപ്പുറം

തവനൂരിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഒാഫീസ് സ്ഥിതിചെയ്യുന്ന ഇരുനില കെട്ടിടത്തിന്റെ താഴത്തെ നില പൂർണമായും കത്തിച്ചു. തിരൂരിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം കടകൾക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞു. കടയടപ്പിക്കലുമായി ബന്ധപ്പെട്ട് ബി.ജെ.പി -സി.പി.എം പ്രവർത്തകർ പലയിടത്തും ഏറ്റുമുട്ടി. മഞ്ചേരി എട്ടിയോട് അയ്യപ്പക്ഷേത്രം ശബരിമല കർമ്മസമിതി പ്രവർത്തകർ പിടിച്ചെടുത്തു. ബസുകൾക്ക് നേരെ കല്ലേറുണ്ടായി.

ആർ.എസ്.എസ് പ്രവർത്തകന് വെട്ടേറ്റു

കൊല്ലം

കരുനാഗപ്പള്ളിയിൽ ആർ.എസ്.എസ് പ്രവർത്തകർ പന്മന സ്വദേശി അരുൺ ബാബുവിന് വെട്ടേറ്റു. പൊലീസ് പലയിടത്തും കണ്ണീർവാതകം പ്രയോഗിച്ചു. നഗര മദ്ധ്യത്തിൽ മാദ്ധ്യമപ്രവർത്തകർക്ക് നേരെയും കല്ലേറുണ്ടായി. അയത്തിൽ 110 കെ.വി സബ് സ്റ്റേഷൻ ഒാഫീസ് അടിച്ചുതകർത്തു.

ചാത്തന്നൂരിൽ ഹോം അപ്ളയൻസ് സ്ഥാപനം തകർത്തു.

മിഠായിത്തെരുവിലെ ക്ഷേത്ര വളപ്പിൽ ആയുധങ്ങൾ.

കോഴിക്കോട്

മിഠായിത്തെരുവ് രണ്ടര മണിക്കൂറോളം യുദ്ധഭൂമിയായി. ഹർത്താൽ അനുകൂലികളും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഡിവൈ.എഫ്.ഐയും ഏറ്റുമുട്ടലിൽ പങ്കുചേർന്നു. മാരിയമ്മൻ ക്ഷേത്രവളപ്പിൽ നിന്ന് ആയുധങ്ങൾ പിടികൂടിയത് ആസൂത്രിത കലാപ ശ്രമത്തിന്റെ സംശയം ജനിപ്പിച്ചു. കട അടപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഏറ്റുമുട്ടലുകൾ.

ബോംബേറ്, വ്യാപക അക്രമം

കണ്ണൂർ

ബി.ജെ. പി കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ വീടിനുനേർക്ക് ആക്രമണം.കൊളശേരിയിൽ ദിനേശ് ബീഡി കമ്പനിക്ക് നേരെ രണ്ട് നാടൻ ബോംബുകൾ എറിഞ്ഞു. രണ്ടും പൊട്ടിയില്ല. പൊലീസും ബി.ജെ.പി പ്രവർത്തകരും പലയിടത്തും ഏറ്റുമുട്ടി. പയ്യന്നൂരിൽ ബസുകൾക്ക് നേരെ കല്ലേറുണ്ടായി. ചിലയിടത്ത് സി.പി.എം -ബി.ജെ.പി പ്രവർത്തകർ തമ്മിൽ കല്ലേറും നടന്നു.

ഗാന്ധി പ്രതിമ തകർത്തു

ആലപ്പുഴ

ആലപ്പുഴയിൽ 6 ബസുകളും മഹാത്മാഗാന്ധിയുടെ പ്രതിമയും തകർത്തു. കടകൾ അടഞ്ഞുകിടന്നു. ബോട്ട് സർവീസ് നിറുത്തിവച്ചു. കഞ്ഞിക്കുഴിയിൽ 2 കടകൾ അടിച്ചുതകർത്തു.

അങ്ങിങ്ങ് അക്രമം

കോട്ടയം

വൈക്കത്ത് ബാങ്ക് തുറക്കുന്നതിന് സംരക്ഷണം നൽകാനെത്തിയ സി.പി.എം പ്രവർത്തകർ ബി.ജെ.പി പ്രവർത്തകരുമായി ഏറ്റുമുട്ടി. പാമ്പാടിയിൽ സി.പി.എം ഏരിയ കമ്മിറ്റി ഒാഫീസിന് നേരെ കല്ലേറ് നടന്നു. കുമരകത്ത് കടകൾ തുറന്നുപ്രവർത്തിച്ചു.

പൊലീസുമായി ഏറ്റുമുട്ടൽ

പത്തനംതിട്ട

അടൂരിൽ സി.പി.എം ഏരിയ കമ്മിറ്റി ഒാഫീസ് അടിച്ചുതകർത്തു. ബി.ജെ.പി അടൂർ നിയോജക മണ്ഡലം കമ്മിറ്റി ഒാഫീസിന് നേരെയും ആക്രമണം നടന്നു. പിന്നാലെ ഇരുവിഭാഗങ്ങൾ തമ്മിൽ രൂക്ഷമായ കല്ലേറ് നടന്നു. പുല്ലാട് ഹർത്താലനുകൂലികളും പൊലീസും ഏറ്റുമുട്ടി. 8 പൊലീസുകാർക്ക് പരിക്കേറ്റു. ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ ഒാടി.

ടെക്സ്റ്റയിൽ തകർത്തു
വയനാട്

പുൽപ്പള്ളിയിൽ വ്യാപാരികളും ഹർത്താൽ അനുകൂലികളും തമ്മിൽ സംഘർഷം ഉണ്ടായി. ടൗണിലെ ഷാജി ടെക്സ്റ്റയിൽ എറിഞ്ഞുതകർത്തു. ലാത്തിച്ചാർജിൽ 3 പേർക്ക് പരിക്കേറ്റു.

കുമളിയിൽ ഏറ്റുമുട്ടൽ

ഇടുക്കി

കുമളിയിൽ വൈകിട്ട് ഹർത്താൽ അനുകൂലികളുടെ പ്രകടനത്തിന് നേരെ സി.പി.എം പ്രവർത്തകർ കല്ലെറിഞ്ഞു. വണ്ടിപ്പെരിയാറ്റിൽ കട അടപ്പിക്കാൻ ശ്രമിച്ചവരെ നാട്ടുകാർ തല്ലി ഒാടിച്ചു.

ഉടുമ്പനൂരിൽ സി.പി.എം ഒാഫീസ് ആക്രമിച്ചു. കാന്തല്ലൂർ, മറയൂർ മേഖലകളിലും നേരിയ സംഘർഷങ്ങളുണ്ടായി.

നേരിയ സംഘർഷം

എറണാകുളം

ജില്ലയിൽ നേരിയ സംഘർഷങ്ങല്ലാതെ വലിയ അനിഷ്ട സംഭവങ്ങളില്ല. ഹർത്താൽ പൂർണമായിരുന്നു. പെരുമ്പാവൂരിൽ പൊലീസ് ലാത്തിവീശി. 6 പേർക്ക് പരിക്കേറ്റു. ബസുകൾ ഒാടിയില്ല. ആലുവയിൽ 3 കടകൾക്ക് നേരെ ആക്രമണമുണ്ടായി.

ബി.ജെ.പി ഒാഫീസ് തകർത്തു

കാസർകോട്

നീലേശ്വരത്ത് ബി.ജെ.പി ഒാഫീസ് തകർത്തു. കല്ലേറിൽ 6 ബസുകൾ തകർന്നു. നുള്ളിപ്പാടിയിൽ ബി.ജെ.പിക്കാരനും ചരലടുക്കയിൽ സി.പി.എമ്മുകാരനും വെട്ടേറ്റു. ഹർത്താൽ പൂർണമായിരുന്നു.