bjp

നെടുമങ്ങാട് : മലയോരവാസികൾക്ക് കേട്ടുകേൾവിപോലുമില്ലാത്ത കാര്യങ്ങളാണ് ഇന്നലെ നെടുമങ്ങാട് നഗരം കണ്ടത്. സഘംചേർന്നെത്തിയ അക്രമികൾ എതിരാളികളുടെ വീടുകൾക്ക് നേരെ പാഞ്ഞടുത്തു. കൊടിമരങ്ങളും പ്രചാരണ ബോർഡുകളും പിഴുതെറിഞ്ഞു. മുദ്രാവാക്യങ്ങളുടെയും സ്ഫോടനങ്ങളുടെയും ഇടയിൽ ഭയന്ന് വിറച്ച് ഒരുദിവസം വീടിനുള്ളിൽ കഴിച്ചുകൂട്ടി നാട്ടുകാർ. രാവിലെ ഹർത്താൽ അനുകൂലികൾ നഗരത്തിൽ സ്ഥാപിച്ച വനിതാ മതിലിന്റെയും പൊതു പണിമുടക്കിന്റെയും ബോർഡുകളും കൊടിതോരണങ്ങളും നശിപ്പിച്ചു. ഇവർ പിരിഞ്ഞുപോയതിന് പിന്നാലെ സംഘടിച്ചെത്തിയ എൽ.ഡി.എഫ് പ്രവർത്തകർ സത്രം മുക്കിലെ ബി.ജെ.പി ഓഫീസിന് നേരെ ആക്രമണം നടത്തി. ഓപ്പം കല്ലെറും. ചിതറിയോടിയ ബി.ജെ.പി പ്രവർത്തകർക്ക് പൊലീസ് സ്റ്റേഷനിൽ അഭയം നല്കിയെന്നാരോപിച്ച് സി.പി.എം സ്റ്രേഷനിലേക്ക് ഇരച്ച് കയറി. പിന്നാലെ സ്റ്റേഷന് മുന്നിലെ റോഡിൽ ബോംബ് വീണ് പൊട്ടി. ഉഗ്രമായ ശബ്ദം കേട്ട് പൊലീസുകാരും പ്രവർത്തകരും ചിതറി ഓടി. വീണ്ടും ഒത്തുകൂടിയ സി.പി.എം പ്രവർത്തകർ കച്ചേരി നടയിലേക്ക് പ്രകടനമായി വരുന്നതിനിടെയാണ് വീണ്ടും ബോംബേറുണ്ടായത്. ആക്രമണവുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവർത്തകനായ യദുകൃഷ്ണയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. ഹർത്താലിന്റെ മറവിൽ അക്രമം അഴിച്ചുവിട്ട ഗുണ്ടകളെ അമർച്ച ചെയ്യണമെന്നും ക്രമസമാധാന നില പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് എൽ.ഡി.എഫ് നേതൃത്വത്തിൽ കച്ചേരിനടയിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സി. ദിവാകരൻ എം.എൽ.എ, നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ആർ. ജയദേവൻ, സി.പി.ഐ ജില്ലാഎക്സിക്യട്ടീവ് അംഗം പി.എസ്. ഷെരീഫ്, മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, ഡി.വൈ.എഫ്.ഐ ജില്ലാസെക്രട്ടറി കെ.പി. പ്രമോഷ്, സംസ്ഥാന കമ്മിറ്റിയംഗം നെടുമങ്ങാട് ഷിജുഖാൻ, ജനതാദൾ നേതാവ് കരിപ്പൂര് വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.