മുംബയ് : സച്ചിൻ ടെൻഡുൽക്കർ ഉൾപ്പെടെ നിരവധി പ്രതിഭകളെ ഇന്ത്യൻ ക്രിക്കറ്റിന് സംഭാവന ചെയ്ത പരിശീലകൻ രമാകാന്ത് അച് രേക്കർക്ക് കായികലോകത്തിന്റെ അന്ത്യാഞ്ജലി. കഴിഞ്ഞദിവസം 87-ാം വയസിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് നിര്യാതനായ അച് രേക്കറുടെ സംസ്കാരച്ചടങ്ങുകൾക്ക് സച്ചിൻ ഉൾപ്പെടെയുള്ള ശിഷ്യരാണ് നേതൃത്വം നൽകിയത്.
സച്ചിൻ കളി പഠിച്ചുതുടങ്ങിയ മുംബയ് ദാദറിലെ ശിവജി പാർക്കിന് സമീപത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. മൃതദേഹം ശിവജി പാർക്കിൽ പൊതുദർശനത്തിന് വച്ചശേഷമാണ് സംസ്കാരത്തിനായി അടുത്തുള്ള ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. ശിവജി പാർക്കിലെ കുരുന്നു താരങ്ങൾ മൃതശരീരവും വഹിച്ചുെകൊണ്ടുള്ള വാഹനത്തിന് ഇരുവശവും നിന്ന് ബാറ്റുകൊണ്ട് അന്ത്യാഞ്ജലി അർപ്പിച്ചു.
സച്ചിനൊപ്പം അച് രേക്കറുടെ മറ്റ് പ്രധാന ശിഷ്യരായ വിനോദ് കാംബ്ളി, ബൽവീന്ദർ സിംഗ് സന്ധു, ചന്ദ്രകാന്ത് പണ്ഡിറ്റ് എന്നിവർ മൃതദേഹത്തെ അനുഗമിച്ചു. അതുൽ റാവഡ, അമോൽ മജുംദാർ, രമേഷ് പൊവാർ, പരസ് മാംബ്രെ, നിലേഷ് കുൽക്കർണി തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.
നിറഞ്ഞ കണ്ണുകളുമായാണ് സച്ചിൻ പ്രിയ ഗുരുനാഥന്റെ ചേതനയറ്റ ശരീരവുമായി നീങ്ങിയത്. ഗുരുശിഷ്യ ബന്ധത്തിന്റെ യഥാർത്ഥ മാതൃകയായിരുന്നു അച് രേക്കറും സച്ചിനും. ഗൗരവക്കാരനും കർക്കശക്കാരനുമായ ഗുരുനാഥനായിരുന്നു അച് രേക്കർ.
എന്നാൽ തന്റെ ശിഷ്യൻമാരെ അകമഴിഞ്ഞ് സ്നേഹിക്കുകയും അവർക്ക് വേണ്ട എല്ലാ പിന്തുണയും നൽകുകയും ചെയ്തിരുന്നു.
ആദരവുമായി ഇന്ത്യൻ ടീമും
രമാകാന്ത് അച് രേക്കർക്ക് ആദരാഞ്ജലിയർപ്പിച്ച് അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി കറുത്ത ആംബാൻഡ് ധരിച്ചാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്നലെ സിഡ്നിയിൽ ആസ്ട്രേലിയയ്ക്ക് എതിരായ നാലാം ടെസ്റ്റിനിറങ്ങിയത്.
മറ്റുപലരെയും പോലെ ക്രിക്കറ്റിന്റെ എ,ബി,സി,ഡി പഠിച്ചത് അച് രേക്കർ സാറിൽനിന്നാണ്. ക്രിക്കറ്റ് കളത്തിൽ മാത്രമല്ല എന്റെ ജീവിതത്തിൽത്തന്നെ അദ്ദേഹത്തിന്റെ സംഭാവനകൾ വാക്കുകൾകൊണ്ട് വിവരിക്കാവുന്നതല്ല. എന്റെ ജീവിതത്തിന്റെ അടിസ്ഥാനമിട്ടത് അച് രേക്കർ സാറാണ്. നേരായി കളിക്കാൻ മാത്രമല്ല, നേരായി ജീവിക്കാനും എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്. ഇനി സ്വർഗത്തിലിരുന്ന് അദ്ദേഹം ക്രിക്കറ്റ് ആസ്വദിക്കും.
സച്ചിൻ ടെൻഡുൽക്കർ