parassala

പാറശാല : ഇരുമുടി കെട്ടുകളുമായി ശരണം വിളികളോടെ ശബരിമലയിലേക്ക് പോയ അയ്യപ്പന്മാരുടെ സംഘത്തിലെ രണ്ടു പേർക്ക് നേരെ മത വിദ്വേഷികളായ മൂന്നു പേരുടെ ആക്രമണം. കളിയിക്കാവിളയ്ക്ക് സമീപം പനങ്കാല സ്വദേശികളായ പ്രശാന്ത്, ജെറിൻ എന്നിവർക്ക് അക്രമണത്തിൽ പരിക്കേറ്റു. ഇന്നലെ വൈകിട്ട് 7 ന് കളിയിക്കാവിള ആർ.സി തെരുവിന് സമീപത്തായിരുന്നു സംഭവം. ആർ.സി തെരുവിലെ ആട്ടോ ഡ്രൈവർമാരായ മുസ്തഫ, റ്റൈറ്റസ്, അശോകൻ എന്നിവർ ചേർന്നാണ് അയ്യപ്പന്മാരെ ആക്രമിച്ചത്. സംഭവത്തെ തുടർന്ന് സംഘത്തിലെ മറ്റ് അയ്യപ്പന്മാരും നാട്ടുകാരും ചേർന്ന് ഒരു മണിക്കൂറോളം കളിയിക്കാവിളയിൽ ദേശീയപാത ഉപരോധിച്ചു. പരിക്കേറ്റ അയ്യപ്പന്മാരെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളിൽ ഒരാളായ അശോകനെ കളിയിക്കാവിള പൊലീസ് കസ്റ്റഡിയിൽലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. മറ്റു പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്. ശരണം വിളിച്ചതിനെ ചോദ്യം ചെയ്‍തതാണ് സംഭവങ്ങൾക്ക് പിന്നിലെന്ന് നാട്ടുകാർ പറയുന്നു.