a

തിരുവനന്തപുരം: ഭാര്യയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ച് പരിക്കേല്പിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്‌തു. ആനയറ ഊളൻകുഴി സിറ്റി ഗാർഡൻസ് ഹൗസ് നമ്പർ 23ൽ ജോൺസൺ പെരേരയെയാണ് (65) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്‌ക്ക് 1.30ഓടെ ഇവരുടെ വീട്ടിൽ നിന്നു ബഹളം കേട്ടെത്തിയ അയൽവാസികളാണ് തലയിൽ നിന്ന് രക്തം വാർന്ന നിലയിൽ ഭാര്യ സെറാഫിനെ കണ്ടത്. തുടർന്ന് അയൽവാസികളും റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകരും ചേർന്ന് ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സെറാഫിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ശേഷം വീടിനകത്ത് കയറി ജോൺസൺ വാതിലടയ്ക്കുകയായിരുന്നു. അയൽവാസികൾ അന്വേഷിച്ചെത്തിയപ്പോൾ വീട് തുറക്കാതിരുന്നതിനാൽ പേട്ട പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസെത്തി വാതിൽ ബലമായി തുറന്നപ്പോഴാണ് മുണ്ട് ഉപയോഗിച്ച് ഫാനിന്റെ കൊളുത്തിൽ തൂങ്ങിമരിച്ച നിലയിൽ ജോൺസൺ പെരേരയെ കണ്ടത്. ജോൺസൺ പെരേര മദ്യലഹരിയിലാണ് ഭാര്യയെ ചുറ്റിക കൊണ്ട് ആക്രമിച്ചതെന്നും ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നതായി അറിയാൻ കഴിഞ്ഞെന്നും പേട്ട പൊലീസ് പറഞ്ഞു. പുതുക്കുറിച്ചി സ്വദേശിയായ ജോൺസൺ പെരേരയും ഭാര്യയും 15 വർഷത്തോളമായി ഊളൻകുഴിയിലെ സിറ്റി ഗാർഡൻസിലാണ് താമസം. സെറാഫിന്റെ വൃദ്ധ മാതാവും സംഭവ സമയത്ത് ഊളൻകുഴിയിലെ വീട്ടിലുണ്ടായിരുന്നു. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സെറാഫിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് പൊലീസ് പറഞ്ഞു. മക്കൾ: ഫിജി പെരേര, ഫിജില പെരേര, ജെറാൾഡ്. ജോൺസൺ പെരേരയുടെ മൃതദേഹം ഇൻക്വിസ്റ്റ് നടപടികൾക്ക് ശേഷം ഇന്ന് പോസ്റ്റുമോർട്ടം നടത്തും. തുടർന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.