എ.എഫ്.സി ഏഷ്യൻ കപ്പിന് നാളെ യു.എ.ഇയിൽ തുടക്കം
ഇന്ത്യയുടെ ആദ്യ മത്സരം ഞായറാഴ്ച തായ്ലൻഡിനെതിരെ
അബുദാബി : 17-ാമത് എ.എഫ്.സി കപ്പിന് നാളെ യു.എ.ഇയിൽ തുടക്കമാകും. നാല് നഗരങ്ങളിലെ എട്ട് വേദികളിലായി നടക്കുന്ന ടൂർണമെന്റിൽ 24 ടീമുകളാണ് ഏഷ്യയിലെ ഫുട്ബാൾ ചാമ്പ്യന്മാരാകാൻ മാറ്റുരയ്ക്കുന്നത്.
നാളെ അബുദാബി സെയ്ദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ആതിഥേയരായ യുണൈറ്റഡ് അറബ് എമിറേറ്റ്സും ബഹ്റിനും തമ്മിലാണ് ആദ്യ മത്സരം. 2011നുശേഷം ആദ്യമായി എ.എഫ്.സി കപ്പിന് യോഗ്യത നേടിയ ഇന്ത്യൻ ടീമിന് ആദ്യ മത്സരം തായ്ലൻഡിനെതിരെ ഞായറാഴ്ചയാണ്. ഈ മാസം 10ന് യു.എ.ഇ, 14ന് ബഹ്റിൻ എന്നിവർക്കെതിരെയാണ് ഗ്രൂപ്പ് റൗണ്ടിലെ ഇന്ത്യയുടെ മറ്റ് മത്സരങ്ങൾ.
നാല് ടീമുകൾ വീതമടങ്ങുന്ന ആറ് ഗ്രൂപ്പുകളാണ് പ്രാഥമിക റൗണ്ടിലുള്ളത്. ഓരോ ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച നാല് മൂന്നാം സ്ഥാനക്കാരുമാണ് പ്രീക്വാർട്ടർ റൗണ്ടിലെത്തുന്നത്. ഈ മാസം 20 മുതലാണ് പ്രീക്വാർട്ടർ മത്സരങ്ങൾതുടങ്ങുന്നത്. ക്വാർട്ടർ ഫൈനലുകൾ 24, 25 തീയതികളിലും സെമിഫൈനൽ 28, 29 തീയതികളിലും നടക്കും. ഫെബ്രുവരി ഒന്നിന് സായെദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് ഫൈനൽ.
2011ൽ ഗ്രൂപ്പ് റൗണ്ടിലെ ഒറ്റ മത്സരംപോലും ജയിക്കാതെ ഇന്ത്യ പുറത്താവുകയായിരുന്നു. എന്നാൽ, ഇത്തവണ അത്ഭുതങ്ങൾ സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്റ്റീഫൻ കോൺസ്റ്റന്റൈൻ പരിശീലിപ്പിക്കുന്ന ഇന്ത്യൻ സംഘം. സുനിൽ ഛെത്രിയാണ് നായകൻ. രണ്ട് മലയാളികൾ ടീമിലുണ്ട്. അനസ് എടത്തൊടികയും ആഷിഖ് കുരുണിയനും.
ഗ്രൂപ്പ് എ
യു.എ.ഇ
തായ്ലൻഡ്
ഇന്ത്യ
ബഹ്റിൻ
ഗ്രൂപ്പ് ബി
ആസ്ട്രേലിയ
സിറിയ,
പാലസ്തീൻ,
ജോർദാൻ
ഗ്രൂപ്പ് സി
ദക്ഷിണ കൊറിയ
ചൈന
കിർഗിസ്ഥാൻ
ഫിലിപ്പീൻസ്
ഗ്രൂപ്പ് ഡി
ഇറാൻ
ഇറാഖ്
വിയറ്റ്നാം
യെമൻ
ഗ്രൂപ്പ് ഇ
സൗദി അറേബ്യ
ഖത്തർ
ലബനൻ
നോർത്ത് കൊറിയ
ഗ്രൂപ്പ് എഫ്
ജപ്പാൻ
ഉസ്ബഖിസ്ഥാൻ
ഒമാൻ
തുർക്ക്മെനിസ്ഥാൻ