ലണ്ടൻ : ഹൊസെ മൗറീന്യോയെ പുറത്താക്കി ഒലെ ഗുണാർ സോൾഷ്യറെ പരിശീലകനാക്കിയ ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സമയം തെളിയുന്നു. സോൾഷ്യറിന് കീഴിൽ നാലാം തുടർവിജയമാണ് ഇന്നലെ പ്രിമിയർ ലീഗിൽ യുണൈറ്റഡ് നേടിയത്. ന്യൂകാസിൽ യുണൈറ്റഡിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്റെ വിജയം.
ന്യൂകാസിൽ യുണൈറ്റഡിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 64-ാം മിനിട്ടിൽ റൊമേലു ലുക്കാക്കുവും 88-ാം മിനിട്ടിൽ മാർക്കസ് റാഷ് ഫോർഡുമാണ് മാഞ്ചസ്റ്ററിന്റെ ഗോളുകൾ നേടിയത്. ഇൗ വിജയത്തോടെ 21 മത്സരങ്ങളിൽനിന്ന് 35 പോയിന്റായ മാഞ്ചസ്റ്റർ യുണൈറ്റഡ് പോയിന്റ് പട്ടികയിൽ ആറാംസ്ഥാനത്ത് തുടരുകയാണ്.
കഴിഞ്ഞ രാത്രി നടന്ന മറ്റൊരു മത്സരത്തിൽ ചെൽസിയെ സതാംപ്ടൺ ഗോൾ രഹിത സമനിലയിൽ തളച്ചു. ബേൺലി 2-1ന് ഹഡേഴ്സ് ഫീൽഡ് ടൗണിനെ കീഴടക്കി . ക്രിസ്റ്റൽ പാലസ് 2-0 ത്തിന് വോൾഹാംപ്ടണിനെ തോൽപ്പിച്ചു. ബേൺ മൗത്തും വാറ്റ് ഫോർഡും 3-3ന് സമനിലയിൽ പിരിഞ്ഞു.
20 മത്സരങ്ങളിൽ നിന്ന് 54 പോയിന്റുള്ള ലിവർപൂളാണ് പോയിന്റ് നിലയിൽ ഒന്നാംസ്ഥാനത്ത്. 21 മത്സരങ്ങളിൽനിന്ന് 48 പോയിന്റുമായി ടോട്ടൻഹാം രണ്ടാമതുണ്ട്. മൂന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 20 മത്സരങ്ങളിൽനിന്ന് 47 പോയിന്റാണുള്ളത്. ചെൽസി 21 മത്സരങ്ങളിൽനിന്ന് 44 പോയിന്റും ആഴ്സനൽ 41 പോയിന്റും നേടി നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്.
. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചരിത്രത്തിൽ ആദ്യ നാല് മത്സരങ്ങളിലും ജയിക്കാൻ കഴിയുന്ന രണ്ടാമത്തെ മാത്രം പരിശീലകനാണ് സോൾവ്യർ. 1946 ൽ മാറ്റ് ബസ്ളി മാത്രമേ ഇൗ നേട്ടം കരസ്ഥമാക്കിയിരുന്നുള്ളു.