തിരുവനന്തപുരം: ഹർത്താൽ അനുകൂല പ്രകടനത്തിനിടെ വഞ്ചിയൂർ എസ്.ഐ സുവർണകുമാറിനെ കൈയേറ്റം ചെയ്ത കേസിൽ 12 പേരെ അറസ്റ്ര് ചെയ്തു. ബി.ജെ.പി, ശബരിമല കർമ്മസമിതി പ്രവർത്തകരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. കരമന,കേരളാദിത്യപുരം സ്വദേശികളായ ഷാജി, മോഹൻ, കൃഷ്ണകുമാർ, രാജേഷ്, സുമേഷ്, അനു, ബിജുകുമാർ, രാജേഷ്‌ കുമാർ, സഹ്യൻ, രാജേഷ്‌കുമാർ, വിഷ്ണു, ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജാരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഹർത്താൽ അനുകൂലികൾ അക്രമം നടത്തുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് എസ്.ഐ സുവർണകുമാറിനെ ഒരു സംഘം കൈയേറ്റം ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. മേലേ പഴവങ്ങാടിയിൽ നിന്ന് സ്റ്റാച്യു ഭാഗത്തേക്ക് ഹർത്താൽ അനുകൂലികൾ നടത്തിയ പ്രകടനം ചെന്തിട്ടയിലെ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസിന് മുന്നിലെത്തിയപ്പോൾ പ്രവർ‌ത്തകർ ഓഫീസിനുള്ളിലേക്ക് കല്ലെറിഞ്ഞു. പൊലീസ് ഇത് തടയുന്നതിനിടെ സ്വാഗതസംഘം ഓഫീസിന് പിന്നിലെ കെട്ടിടത്തിൽ നിന്നും പ്രകടനക്കാർക്ക് നേരെയും കല്ലേറുണ്ടായി. ഇതോടെ പ്രകടനക്കാർ സ്വാഗതസംഘം ഓഫീസ് അടിച്ചു തകർക്കാൻ തുടങ്ങി. ഈ രംഗങ്ങൾ എസ്.ഐ സുവർണകുമാർ ഫോണിൽ ചിത്രീകരിക്കുന്നത് കണ്ട് പ്രകോപിതരായ ഹർത്താൽ അനുകൂലികൾ ഫോൺതട്ടിയെത്തു. ഇത് ചോദ്യം ചെയ്യുന്നതിനിടെയാണ് കൈയേറ്റമുണ്ടായത്. ഇതിനിടെ ഫോണുമായി ഒരുകൂട്ടർ കടന്നു കളഞ്ഞു. പിന്നാലെ ബാക്കിപ്രവർത്തകരും ഓടി രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് 12 പേരെ കസ്റ്റഡിയിലെടുത്തത്.