കൊല്ലം: ട്രെയിനിൽ കടത്തുകയായിരുന്ന രണ്ടേമുക്കാൽ കിലോ സ്വർണം റെയിൽവേ പൊലീസ് കൊല്ലത്ത് പിടികൂടി. തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് വരികയായിരുന്ന 16347 നമ്പർ ട്രെയിൻ ഇന്നലെ രാത്രി 11 ഓടെ കൊല്ലം റെയിൽവേ സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് സ്വർണം പിടികൂടിയത്. കൊല്ലം റെയിൽവേ പൊലീസ് എസ്.ഐ പി.വിനോദിന് ലഭിച്ച സന്ദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കാസർകോട് കളനാട് കോടംകൈ ഹൗസിൽ മുഹമ്മദ് അമീർ അലി (47) പിടിയിലായത്.

പഴയ സ്വർണം ഉരുക്കി കട്ടികളാക്കി കൊണ്ടുവരികയായിരുന്നു. വിപണിയിൽ 83 ലക്ഷത്തിന്റെ മൂല്യമുള്ള സ്വർണം കടത്തുന്നതിലൂടെ 15 ലക്ഷത്തിന്റെ നികുതി ചോർച്ചയാണ് പ്രാഥമികമായി കണക്കാക്കിയിട്ടുള്ളത്. ജി.എസ്.ടി അധികൃതർക്ക് സ്വർണം കൈമാറിയ ശേഷം കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തും.

തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിൽ വച്ച് അപരിചിതൻ കൈമാറിയ ബാഗിൽ സ്വർണമായിരുന്നുവെന്ന് അറിയില്ലെന്നാണ് അമീർ അലി ആദ്യം പൊലീസിനോട് പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലിൽ സ്ഥിരം സ്വർണ കടത്തുകാരനാണെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു. ആഭരണങ്ങളാക്കിയ ശേഷം കാസർകോട്ടെ വിവിധ ജൂവലറികളിൽ വിതരണം ചെയ്യാനായിരുന്നു സ്വർണ കട്ടികൾ കടത്തിയതെന്നും പ്രതി സമ്മതിച്ചു.

എസ്.ഐ വിനോദിനെ കൂടാതെ അഡീഷണൽ എസ്.ഐ നാസർ കുട്ടി, എ.എസ്.ഐ രാജൻ, സി.പി.ഒ മാരായ മോഹനൻ പിള്ള, രവി, ആൻസിൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.