കോട്ടയം: കാറിൽ ചുറ്റിക്കറങ്ങി വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിറ്റുവന്ന കാർ ഷോറൂം ജീവനക്കാരനും പോക്കറ്റടിക്കാരനും അറസ്റ്റിൽ. മാങ്ങാനം താമരശേരി പുത്തൻപറമ്പിൽ ശ്രീജിത്ത് (34), കീഴ്ക്കുന്ന് മുള്ളൻകുഴി വീട്ടിൽ അനിമോൻ(48) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീജിത്തിൽ നിന്നും 200 ഗ്രാം കഞ്ചാവും അനിമോനിൽ നിന്ന് 170 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

ഈരയിൽക്കടവിൽ സ്വകാര്യ കാർ ഷോറൂം ജീവനക്കാരനാണ് ശ്രീജിത്ത്. പോക്കറ്റടിക്കാരനാണ് അനിമോൻ. പോക്കറ്റിടിക്കേസിൽ നിരവധി തവണ പിടിയിലായിട്ടുള്ള അനിമോൻ കേസ് നടത്താനുള്ള പണം കണ്ടെത്തുന്നതിനാണ് കഞ്ചാവ് വിൽക്കുന്ന നടത്തുന്നതെന്ന് പൊലീസിനോട് പറഞ്ഞു.

സ്‌കൂളിൽ പഠിക്കുമ്പോൾ മുതൽ കഞ്ചാവ് ഉപയോഗിച്ചിരുന്ന ശ്രീജിത്ത്, അഞ്ചു വർഷം മുമ്പാണ് വില്പനയിലേയ്ക്ക് തിരിഞ്ഞത്. ഷോറൂമിൽ നിന്നു എടുക്കുന്ന കാറിൽ കഞ്ചാവുമായി വിവിധ സ്ഥലങ്ങളിൽ എത്തിയായിരുന്നു വില്പന. ഇത്തരത്തിൽ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വ്യാപകമായി വിതരണം ചെയ്യുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.