തിരുവനന്തപുരം : സാധാരണക്കാരായ രോഗികളുടെ ആശ്രയമായ നഗരമദ്ധ്യത്തിലെ ജനറൽ ആശുപത്രിയിൽ ന്യൂറോ ഡോക്ടറെ കാണാൻ രോഗികൾ നെട്ടോട്ടത്തിൽ. സ്ട്രോക്ക്, മെനിഞ്ചൈറ്റിസ്, പാർക്കിൻസൺസ്, തുടങ്ങിയ രോഗങ്ങളുമായി ചികിത്സതേടിയെത്തുന്നവരാണ് ദുരിതത്തിലായിരിക്കുന്നത്.
ഒ.പി ഒരു ദിവസമായി ചുരുങ്ങിയതോടെ ഈ വിഭാഗത്തിലെ രണ്ട് ഡോക്ടർമാർ മറ്റു ദിവസങ്ങളിൽ സുഖവാസത്തിലാണ്. മൂന്നു മാസം മുമ്പ് വരെ ന്യൂറോ ഒ.പി ചൊവ്വ, വെള്ളി ദിവസങ്ങളിലായിരുന്നു. ഒരു ദിവസം ന്യൂറോയ്ക്ക് പ്രത്യേകമായും മറ്റൊരു ദിവസം മെഡിസിൻ ഒ.പിയിൽ ന്യൂറോ പരിശോധനയുമാണ് നടത്തിയിരുന്നത്. സൂപ്പർസ്പെഷ്യാലിറ്റി കേഡർ പ്രകാരം ഡോക്ടർമാരുടെ എണ്ണം വർദ്ധിപ്പിച്ചതോടെയാണ് രോഗികളുടെ ശനിദശ ആരംഭിച്ചത്.
സൂപ്പർസ്പെഷ്യാലിറ്റി കേഡർ നടപ്പിലാക്കിയത് പ്രകാരം എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടറെ വർക്കിംഗ് അറേഞ്ച്മെന്റിൽ ഒരു മാസം മുമ്പ് ഇവിടെ നിയോഗിച്ചെങ്കിലും രോഗികൾ ദുരിതം പേറുകയാണ്. ഇപ്പോൾ ചൊവ്വാഴ്ച ദിവസം രാവിലെ 6 മുതൽ വൈകിട്ട് 4 വരെയുള്ള ഒ.പിയിൽ ഒരു ഡോക്ടറാണ് പരിശോധിക്കുന്നത്. ഒരേ സമയം രണ്ട് ഡോക്ടർമാർക്ക് പരിശോധിക്കാനുള്ള സൗകര്യം ഒ.പി റൂമിൽ ഇല്ലെന്ന മുടന്തൻ ന്യായമാണ് ആശുപത്രി അധികൃതർ പറയുന്നത്. മെഡിക്കൽ കോളേജ് ആശുപത്രികളിലെ തിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജനറൽ ആശുപത്രികളിൽ സൂപ്പർസ്പെഷ്യാലിറ്റി കേഡർ പ്രകാരം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ സർക്കാർ നിയമിച്ചത്. എന്നാൽ ആവശ്യത്തിന് ഡോക്ടർമാർ ഉണ്ടായിട്ടും അവരുടെ സേവനങ്ങൾ രോഗികൾക്ക് ലഭ്യമാക്കാൻ കഴിയാത്ത സ്ഥിതിയാണ് തലസ്ഥാനത്തുള്ളത്.
പീഡിയാട്രിക് ന്യൂറോ ഒ.പി നിലച്ചു
ജനറൽ ആശുപത്രിയിൽ വെള്ളിയാഴ്ച ദിവസങ്ങളിൽ ഉണ്ടായിരുന്ന പീഡിയാട്രിക് ന്യൂറോ ഒ.പി മൂന്ന് ആഴ്ചയായി നിലച്ചു. വിഭാഗത്തിലുണ്ടായിരുന്ന ഡോക്ടർ സ്ഥലം മാറിപ്പോയതോടെയാണ് ഒ.പി അടച്ചു പൂട്ടിയത്. എന്നാൽ നിലവിലുള്ള ന്യൂറോ മെഡിസിൻ ഡോക്ടർമാർക്ക് സർജറിയോ മറ്റ് തിരക്കുകളോ ഇല്ലാത്തതിനാൽ ഇവരുടെ സേവനം വിനിയോഗിച്ച് പീഡിയാട്രിക് ഒ.പി നടത്താമെന്ന് ഒരുവിഭാഗം സീനിയർ ഡോക്ടർമാർ പറയുന്നു.