തിരുവനന്തപുരം: അറുപത് കഴിഞ്ഞവർക്ക് പ്രതിമാസം ആയിരം മുതൽ അയ്യായിരം രൂപവരെ പെൻഷൻ നൽകുന്ന കേന്ദ്രസർക്കാരിന്റെ അടൽ പെൻഷൻ പദ്ധതിയിൽ ചേരാൻ കേരളത്തിൽ ആളില്ല. മൂന്ന് വർഷം മുമ്പ് തുടങ്ങിയ പദ്ധതിയിൽ രാജ്യത്താകെ ഒന്നരകോടിയിലേറെ ജനങ്ങൾ ചേർന്നെങ്കിലും കേരളത്തിൽ ഇത് മൂന്ന് ലക്ഷം മാത്രം. പദ്ധതി നടപ്പാക്കുന്നതിൽ സംസ്ഥാനത്തുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ദേശീയ പെൻഷൻ ഫണ്ട് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിട്ടിജനറൽ മാനേജർ കെ. മോഹൻ ഗാന്ധി ഇന്നലെ തിരുവനന്തപുരത്തെത്തി.
ബാങ്ക് അക്കൗണ്ടുളള 18നും 40നും ഇടയിൽ പ്രായമുള്ളവരെയാണ് പദ്ധതിയിൽ അംഗങ്ങളാക്കുക. ദേശസാത്കൃതബാങ്കുകൾ പദ്ധതിയുമായി സഹകരിക്കുന്നുണ്ടെങ്കിലും സഹകരണബാങ്കുകൾ മാറിനിൽകുകയാണ്. പദ്ധതിയിൽ ചേരാൻ സംസ്ഥാനത്ത് ഒരുകോടിയോളം പേർക്ക് യോഗ്യതയുണ്ടെന്നാണ് കണക്ക്. ഇതിൽ പകുതിപ്പേരെയെങ്കിലും ഇൗ വർഷം ചേർക്കാനാണ് നീക്കം. ഇതിനായി സഹകരണവകുപ്പിന്റെ സഹായം തേടിയാണ് എത്തിയതെന്ന് മോഹൻഗാന്ധി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബാങ്ക് ജീവനക്കാർക്ക് പരിശീലനപരിപാടിയും ബോധവത്കരണവും നടത്തുമെന്ന് മോഹൻഗാന്ധി പറഞ്ഞു. ഇന്നാരംഭിക്കുന്ന രണ്ടുദിവസത്തെ ശില്പശാലയിൽ 21 സഹകരണബാങ്കുകളിൽ നിന്നുള്ള ജീവനക്കാർ പങ്കെടുക്കും. സഹകരണ രജിസ്ട്രാർ, സഹകരണവകുപ്പ് സെക്രട്ടറി എന്നിവരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ അഡിഷണൽ രജിസ്ട്രാർ സജ്ജാദും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അടൽ പെൻഷൻ പദ്ധതി
ബാങ്ക് അക്കൗണ്ടുള്ളവർ പ്രതിമാസം 42 രൂപ അംശദായം അക്കൗണ്ടിൽ നിന്ന് എടുക്കാനുള്ള അനുമതി പത്രം നൽകിയാൽ പദ്ധതിയിൽ ചേരാം. 60 വയസ് കഴിഞ്ഞാൽ മാസം 1000 മുതൽ 5000 രൂപ വരെ ആജീവനാന്തപെൻഷൻ കിട്ടും. മറ്റ് പെൻഷനുകൾ കിട്ടുന്നുണ്ടെങ്കിലും ഇൗ പെൻഷൻ നിഷേധിക്കപ്പെടില്ല. പദ്ധതിയിൽ ചേർന്നയാൾ മരണമടഞ്ഞാൽ ഭാര്യയ്ക്ക് കിട്ടും. അവരും മരണമടഞ്ഞാൽ മക്കൾക്ക് 1.70 മുതൽ 8 ലക്ഷം രൂപ വരെയുള്ള തുക മടക്കികിട്ടും.