ട്രെയിനും തടയും
തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും 12 ഇന ആവശ്യങ്ങൾ ഉന്നയിച്ചും ചൊവ്വയും ബുധനും നടത്തുന്ന ദേശീയ പണിമുടക്ക് കേരളത്തിൽ ട്രെയിൻ തടയൽ ഉൾപ്പെടെ നടത്തി പൂർണമാക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ സമരസമിതി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ തടയില്ല. എന്നാൽ കെ.എസ്.ആർ.ടി.സി ബസ് ഓടാൻ സാദ്ധ്യതയില്ലെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനും എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയും സംയുക്ത ട്രേഡ് യൂണിയൻ സമിതി കൺവീനറുമായ കെ.പി. രാജേന്ദ്രനും പറഞ്ഞു.
കേന്ദ്ര, സംസ്ഥാന ജീവനക്കാർ, പൊതുമേഖയിലും ധനകാര്യ സ്ഥാപനങ്ങളിലുമുള്ളവർ, റോഡ് ഗതാഗത മേഖലയിലെയും വ്യാപാരവ്യവസായ മേഖലയിലെയും തൊഴിലാളികൾ, സ്‌കീം വർക്കേഴ്‌സ് തുടങ്ങി മുഴുവൻ പേരും പണിമുടക്കിൽ പങ്കെടുക്കും.
മിനിമം വേതനം 18,000 രൂപയാക്കുക, സാർവത്രിക സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുക, സ്‌കീം തൊഴിലാളികളുടെ വേതനവും സൗകര്യങ്ങളും ഉറപ്പുവരുത്തുക, ധനകാര്യമേഖലയെ സംരക്ഷിക്കുക, പൊതുമേഖലയെ വിറ്റ് തുലയ്ക്കുന്നത് നിറുത്തലാക്കുക, തൊഴിലാളികൾക്ക് മിനിമം പെൻഷൻ പ്രതിമാസം 3000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
വി.ജെ. ജോസഫ് (ഐ.എൻ.ടി.യു.സി), എം.കെ. കണ്ണൻ (എച്ച്.എം.എസ്), മാഹീൻ അബൂബക്കർ (എസ്.ടി.യു), സീറ്റ ദാസൻ (സേവ), തോമസ് ജോസഫ് (യു.ടി.യു.സി), കവടിയാർ ധർമ്മൻ (കെ.ടി.യു.സി), കെ.എസ്. ജോർജ് (കെ.ടി.യു.സി.എം), ഗോപി കൊച്ചുരാമൻ (എച്ച്.എം.കെ.പി), ടി.ബി. മിനി (ടി.യു.സി.ഐ), വി.എസ്. മോഹൻലാൽ (എൻ.ടി.യു.ഐ), എ.എസ്. രാധാകൃഷ്ണൻ (എച്ച്.എം.കെ.പി), അജിത് കുരീപ്പുഴ (ടി.യു.സി.സി) എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.