സ്വൈരജീവിതം ആഗ്രഹിക്കുന്ന പൊതുസമൂഹത്തെ കൈക്കരുത്ത് കാട്ടി ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള കാട്ടാളത്ത നടപടികളാണ് കഴിഞ്ഞ മൂന്നു ദിവസമായി സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഇവരുടെ കൈക്കരുത്തിന്റെ രുചി എല്ലാ വിഭാഗത്തിലുള്ളവരും അനുഭവിക്കുന്നുമുണ്ട്. വിരുദ്ധ ചേരിയിലുള്ള രാഷ്ട്രീയക്കാരും തൊഴിലിന്റെ ഭാഗമായി സംഘർഷ മേഖലയിൽ പണിയെടുക്കേണ്ടി വരുന്ന മാദ്ധ്യമ പ്രവർത്തകരും വ്യാപാരികളും ഒന്നിലും പെടാത്ത സാധാരണക്കാരും വിനോദസഞ്ചാരികളും എന്നുവേണ്ട ഡോക്ടർമാർ പോലും നിർദ്ദയം ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ കാണുമ്പോൾ 'ദൈവത്തിന്റെ ഈ നാട് " എങ്ങോട്ടാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നറിയാതെ ഞെട്ടിത്തരിച്ചു നിൽക്കേണ്ടിവരുന്നു. ശബരിമലയിൽ രണ്ടു യുവതികൾ ദർശനം നടത്തിയതിനെച്ചൊല്ലി അഴിച്ചുവിട്ട കാട്ടാളത്തം മൂന്നാം ദിവസമായ ഇന്നലെയും വ്യാഴാഴ്ചയോളം രൂക്ഷമായിട്ടല്ലെങ്കിലും തുടരുകയായിരുന്നു. മകരവിളക്ക് കഴിഞ്ഞ് നട അടയ്ക്കുന്നതുവരെ പ്രക്ഷോഭം ഇതേ ഭാവത്തോടെ തുടരാനുള്ള തീരുമാനമെടുത്തുകൊണ്ടാണ് സംഘപരിവാർ സംഘടനകളുടെ നേതൃത്വയോഗം ഇന്നലെ പിരിഞ്ഞതത്രെ. അതിന്റെ അർത്ഥം തെരുവുകളിൽ പൂർണസമാധാനം തിരികെ എത്താൻ ഇനിയും കുറച്ചു ദിവസം കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ്.
യുവതികൾ സന്നിധാനത്ത് ദർശനം നടത്തിയതിനുള്ള പാപപരിഹാരം ഒരുമണിക്കൂറോളം നീണ്ട പുണ്യാഹ ശുദ്ധിക്രിയയോടെ പൂർത്തിയാക്കാൻ കഴിഞ്ഞു. യുവതികളുടെ ദർശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ ഒരുവിധ പ്രതിഷേധമോ അനിഷ്ട സംഭവങ്ങളോ ഉണ്ടായില്ലെന്നത് ശ്രദ്ധേയമാണ്. അൻപതിലെത്താത്ത ഒരു ശ്രീലങ്കൻ വനിത കൂടി എതിർപ്പൊന്നും കൂടാതെ വ്യാഴാഴ്ച രാത്രി പതിനെട്ടാംപടി ചവിട്ടി ദർശനം നടത്തി മടങ്ങിയതായി വാർത്തയുമുണ്ട്. ഒരുഭാഗത്ത് ഇതൊക്കെ നടക്കുമ്പോൾ നാട്ടിലുടനീളം ഭ്രാന്തെടുത്തതു പോലെ അക്രമാസക്തമായ പ്രക്ഷോഭത്തിനും ജനജീവിതം ദുഷ്കരമാക്കുന്ന ഹർത്താലിനും പൊതുമുതലുകൾ വ്യാപകമായി നശിപ്പിക്കാനും തുനിയുന്നതിലെ ജനവിരുദ്ധ മനോഭാവം കണ്ടില്ലെന്ന് നടിക്കാൻ ആർക്കുമാവില്ല.
കേരളം സമീപകാലങ്ങളിലൊന്നും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അക്രമ പരമ്പരയാണ് വ്യാഴാഴ്ചത്തെ ഹർത്താലിനോടനുബന്ധിച്ച് അരങ്ങേയറിയത്. ഹർത്താൽ വൻ വിജയമായെന്നാണ് അതിന്റെ സംഘാടകർ കഴിഞ്ഞ ദിവസം അഭിമാനത്തോടെ അവകാശപ്പെട്ടത്. 'വിജയരഹസ്യം" ഏവർക്കും നല്ലപോലെ ബോദ്ധ്യമായിട്ടുമുണ്ട്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് തെരുവിൽ സംഘർഷം ഉടലെടുക്കുന്നതും തുടർന്ന് ഏറ്റുമുട്ടലും പൊലീസ് ബലപ്രയോഗവുമെല്ലാം ഉണ്ടാകുന്നതും പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാൽ വ്യാഴാഴ്ചത്തെ അക്രമങ്ങൾ കരുതിക്കൂട്ടിയുള്ളതും ആസൂത്രണത്തോടെ നടപ്പാക്കിയതുമാണെന്ന് തോന്നിപ്പോകും വിധത്തിലായിരുന്നു കാര്യങ്ങൾ. തിരുവനന്തപുരത്തും കോഴിക്കോട്ടും പാലക്കാട്ടുമൊക്കെ ആസൂത്രിതമായിത്തന്നെയാണ് അക്രമം അഴിച്ചുവിട്ടത്.
ഏതു സംഘർഷത്തിലും മാദ്ധ്യമ പ്രവർത്തകർക്ക് പരമാവധി സംരക്ഷണം നൽകാൻ പ്രക്ഷോഭകർ ശ്രമിക്കാറുണ്ട്. എന്നാൽ തലസ്ഥാനത്ത് കരുതിക്കൂട്ടിയുള്ള ആക്രമണമാണ് മാദ്ധ്യമ പ്രവർത്തകർ നേരിടേണ്ടിവന്നത്. ഇതിനു പിന്നിലെ ഉദ്ദേശ്യം വളരെ വ്യക്തമാണ്. ജനങ്ങൾ കാണരുതാത്ത കാര്യങ്ങളാണ് തങ്ങൾ ചെയ്യുന്നതെന്നു ബോദ്ധ്യമുള്ളതിനാലാണ് സംഘർഷ മേഖലയിൽ നിന്ന് മാദ്ധ്യമ പ്രവർത്തകരെ തുരത്താൻ വേണ്ടി അവർ തരംതാണ അടവെടുത്തതെന്ന് വേണം കരുതാൻ. സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി ഇരുപതോളം മാദ്ധ്യമ പ്രവർത്തകർക്കാണ് ഹർത്താലുകാരുടെ ആക്രമണങ്ങളിൽ പരിക്കേറ്റത്. പാർട്ടി ഓഫീസുകൾക്ക് നേരെയും സംഘടിതമായ ആക്രമണങ്ങളുണ്ടായി. ഇതൊക്കെ അങ്ങേയറ്റം അപകടകരമായ പോക്കാണെന്ന് പ്രത്യേകം പറയേണ്ടതില്ല. നാട്ടിൽ സമാധാനാന്തരീക്ഷം തകരാനുള്ള തീപ്പൊരിയാണിതൊക്കെ.
ഊർദ്ധം വലിക്കുന്ന കെ.എസ്.ആർ.ടി.സിക്കും ഈ ഹർത്താൽ സമ്മാനിച്ചത് ഒട്ടേറെ നഷ്ടങ്ങളാണ്. നൂറോളം ബസുകളാണ് ആക്രമണത്തിൽ തകർന്ന് ഡിപ്പോകളിലായത്. മൂന്നരക്കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. എന്നാൽ ഈ ബസുകളെ ആശ്രയിച്ച് യാത്ര ചെയ്തിരുന്നവർക്ക് ഇനി എത്രനാൾ അവ തിരിച്ചിറങ്ങാനായി കാത്തിരിക്കേണ്ടിവരുമെന്ന് നിശ്ചയമില്ല.
ഹർത്താൽ അക്രമങ്ങളുമായി ബന്ധപ്പെട്ട് ആയിരത്തി നാനൂറോളം പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. എണ്ണൂറിലധികം കേസുകളെടുത്തിട്ടുണ്ട്. 717 പേർ കരുതൽ തടങ്കലിലാണ്. തെരുവിൽ അക്രമങ്ങൾ അഴിച്ചുവിടുന്നവർ പിന്നീട് ഓടി രക്ഷപ്പെട്ടാലും കണ്ടുപിടിക്കാനുള്ള മാർഗം ഇന്നു നിലവിലുണ്ട്. ഒരുവിധ ദാക്ഷിണ്യവും കൂടാതെ ഇവരെ ശിക്ഷാ നടപടിക്ക് വിധേയരാക്കുമ്പോഴേ നിയമ നടത്തിപ്പ് ശരിയായ ദിശയിലായെന്ന് പറയാനാവൂ. മുഖവും മറച്ച് കുറുവടികളുമായി തെരുവിലെത്തി കണ്ണിൽ കാണുന്നതെല്ലാം തച്ചുടച്ച് നിയമത്തെ വെല്ലുവിളിക്കുന്നവർക്കുള്ള സ്ഥാനം എവിടെയാണെന്നു കാണിച്ചുകൊടുക്കേണ്ടത് പൊലീസിന്റെ കടമയാണ്. വിശ്വാസവും ആചാരവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണല്ലോ ഈ കാണിക്കുന്നതൊക്കെ. നാട്ടിൽ സമാധാനവും സ്വൈരവും ഇല്ലാതാക്കിയല്ല വിശ്വാസം നിലനിറുത്തേണ്ടത്. വിശ്വാസികൾക്ക് ചേർന്ന പ്രവൃത്തികളല്ല ആചാര സംരക്ഷണത്തിന്റെ പേരിൽ നാട്ടിലുടനീളം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ലോകത്തിനു മുന്നിൽ നാം തീരെ ചെറുതാകുന്നതുപോലെ.