നെയ്യാറ്റിൻകര : ശബരിമല കർമ്മ സമിതിയും ബി.ജെ.പിയും ആഹ്വാനംചെയ്ത ഹർത്താലിൽ നെയ്യാറ്റിൻകര നടന്ന അക്രമ പ്രവർത്തങ്ങളെ പരസ്പരം പഴി ആരോപിച്ച് ഇരുമുന്നണികളും. നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുൻവശത്ത് സ്ഥാപിച്ചിരുന്ന അയ്യപ്പസേവാസമിതി ഓഫീസും അയ്യപ്പ വിഗ്രഹവും തകർത്തത് തങ്ങളല്ലെന്ന് സി.പി.എം നെയ്യാറ്റിൻകര ഏരിയാ സെക്രട്ടറി പി.കെ. രാജ്മോഹൻ പറഞ്ഞു.
വ്യാഴാഴ്ച രാത്രി എട്ട്മണിയോടെയാണ് അയ്യപ്പ വിഗ്രഹം തകർത്തത്. ശബരിമല കർമ്മ സമിതി പ്രവർത്തകരും എൽ.ഡി.എഫ് പ്രവർത്തകരും ഇതേസമയത്ത് തന്നെ ഇതുവഴി പ്രകടനം നടത്തിയിരുന്നു. സമീപത്തെ സിസിടി.വി കാമറയിൽ അയ്യപ്പ സേവാസമിതി ഓഫീസ് തകർത്തവരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടാകുമെന്ന് പൊലീസ് പറയുന്നു. അതേസമയം ശബരിമലയിലെ യുവതീ പ്രവേശനത്തിൽ അരിശം കൊണ്ടും അതിനെ അനുകൂലിച്ചും രണ്ടു കൂട്ടരും പ്രകോപിതരായാണ് പ്രകടനം നടത്തിയത്. വഴിയോരത്ത് ഇരുവിഭാഗങ്ങളുടേയും കൊടിതോരണങ്ങളും മറ്റ് നശിപ്പിക്കപ്പെട്ടിരുന്നു. അതേ പോലെ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജംഗ്ഷനിലെ ബി.ജെ.പി കൗൺസിലർ ഹരികുമാറിന്റെ ഹോട്ടലിന് നേരേയും വ്യാഴാഴ്ച രാത്രി കല്ലേറുണ്ടായി. ഇവിടേയും തങ്ങൾ കല്ലെറിഞ്ഞിട്ടില്ലെന്ന് പി.കെ. രാജ്മോഹൻ പറഞ്ഞു. ഈ രണ്ടു അക്രമ സംഭവങ്ങളെ കുറിച്ചും കർമ്മ സമിതി പ്രവർത്തർ പൊലീസിൽ പരാതിപ്പെട്ടിട്ടുമില്ല. എന്നാൽ ഹർത്താലിനോടനുബന്ധിച്ച് ദേശീയപാതയിൽ ഗതാഗത തടസ്സം സൃഷ്ടിക്കുക, നെയ്യാറ്റിൻകര എസ്.ഐയുടെ ജീപ്പ് ആക്രമിക്കുക, പൊലീസുകാരെ ദേഹോപദ്രവും ചെയ്യുക തുടങ്ങിയ അക്രമങ്ങളിൽ കണ്ടാലറിയാവുന്ന 100 പേരെ പ്രതി ചേർത്ത് 17 കേസ് ചാർജ്ജു ചെയ്തിട്ടുള്ളതായി നെയ്യാറ്റിൻകര ഡി.വൈ.എസ്.പി എസ്. സുരേഷ്കുമാർ പറഞ്ഞു.