നെടുമങ്ങാട് : ശബരിമല യുവതി പ്രവേശനത്തെ തുടർന്ന് നെടുമങ്ങാട്ട് നടന്ന ഹർത്താൽ ആക്രമണ പരമ്പരയ്ക്ക് ഇന്നലെയും ശമനമില്ല. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റേതടക്കം നാല് സി.പി.എമ്മുകാരുടെയും ആർ.എസ്.എസ് താലൂക്ക് കാര്യവാഹിന്റെയും വീടുകൾക്ക് നേരെ പുലർച്ചെ ബോംബേറുണ്ടായി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സി.പി.എം ഏരിയാ സെന്റർ അംഗവുമായ പി. ഹരികേശൻ നായരുടെ മന്നൂർക്കോണത്തുള്ള ചിത്തിര എന്ന വീടിനു നേരെയുണ്ടായ ആക്രമണത്തിൽ കുടുംബാംഗങ്ങൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബോംബ് പൊട്ടി ഹരികേശൻ നായരുടെ വീടിന്റെ മുൻ വാതിലും ജനലുകളും പൂർണമായി നശിച്ചു. വീടിന്റെ ചുവരും സിറ്റൗട്ടിലെ ടൈലും കസേരകളും തകർന്നു. ഉറക്കത്തിലായിരുന്ന കുടുംബാംഗങ്ങളുടെ ദേഹത്തേക്ക് ഗ്ളാസ് ചില്ലുകൾ തുളച്ചു കയറി. ഈ വീടിനു സമീപമുള്ള എസ്.എഫ്.ഐ ഏരിയാ കമ്മിറ്റി അംഗം ഹരിയുടെ വീടിനു നേരെ നടന്ന ബോംബേറിൽ സൺഷേഡ് തകർന്നു. സി.പി.എം ഖാദിബോർഡ് ബ്രാഞ്ച് സെക്രട്ടറി പ്രമോദ്, ഡി.വൈ.എഫ്.ഐ പഴകുറ്റി മേഖല പ്രസിഡന്റ് വിഷ്ണു എന്നിവരുടെ വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. ബൈക്കിൽ എത്തിയ സംഘം മൂന്നര മണിയോടെ ബോംബ് എറിഞ്ഞ ശേഷം കടന്നു കളയുകയായിരുന്നു. ഇതേസമയം ആർ.എസ്.എസ് വെള്ളനാട് താലൂക്ക് കാര്യവാഹ് വിഷ്ണുവിന്റെ പനയ്‌ക്കോടുള്ള വീടിനു നേരെയും ബോംബേറ് നടന്നു. ജനൽ ഗ്ലാസ് തുളച്ചു കയറി പരിക്കേറ്റ വിഷ്ണുവിന്റെ അച്ഛനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹർത്താൽ ദിനത്തിൽ രണ്ടു സി.പി.എം കൗൺസിലർമാരുടെയും രണ്ടു ബി.ജെ.പി കൗൺസിലർമാരുടെയും ഉൾപ്പെടെ ഏഴു വീടുകൾക്ക് നേരെ ബോംബെറിഞ്ഞിരുന്നു. ആകെ 12 വീടുകളാണ് ബോംബേറിൽ ഭാഗികമായി തകർന്നത്. ആക്രമണത്തിന്റെ തുടർച്ച ഉണ്ടാവുമെന്ന ഭീതിയിലാണ് നാട്ടുകാർ.
പൊലീസ് തെളിവെടുപ്പ് നടത്തി
ആക്രമണം നടന്ന വീടുകളിൽ റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് തെളിവെടുപ്പ് നടത്തി. 11 ബി.ജെ.പി പ്രവർത്തകർ കസ്റ്റഡിയിലാണ്. അക്രമത്തിൽ തകർന്ന സി.പി.എം പ്രവർത്തകരുടെ വീടുകൾ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, എ. സമ്പത്ത് എം.പി, വി. ശിവൻകുട്ടി, വി.കെ. മധു, എസ്.എസ്. രാജലാൽ, കെ.എസ്. സുനിൽകുമാർ തുടങ്ങിയ നേതാക്കൾ സന്ദർശിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, സംസ്ഥാന വക്താവ് എം.എസ്. കുമാർ, സംസ്ഥാന സമിതിയംഗം സന്ദീപ്, ശബരിമല കർമ്മസമിതി കോ ഓർഡിനേറ്റർ രമേശ്, ആർ.എസ്.എസ് വിഭാഗ് പ്രചാരക് മഹേഷ്, ജില്ലാ കാര്യവാഹ് ആർ. സുരേഷ്, പൂന്തുറ ശ്രീകുമാർ, പൂവത്തൂർ ജയൻ തുടങ്ങിയവർ ബി.ജെ.പി പ്രവർത്തകരുടെ വീടുകളും സന്ദർശിച്ചു.
നിരോധനാജ്ഞ പുറപ്പെടുവിച്ചു
അക്രമം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ നെടുമങ്ങാട്, വലിയമല പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചു. പ്രകടനങ്ങൾക്കും പൊതുയോഗങ്ങൾക്കും വിലക്കുണ്ട്. ജില്ലാ പൊലീസ് മേധാവി പി. അശോക് കുമാറിന്റെ നേതൃത്വത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണമാണ് നെടുമങ്ങാട്ട് ഏർപ്പെടുത്തിയിട്ടുള്ളത്. കണ്ടാലറിയാവുന്ന നൂറിലേറെ പേർക്കെതിരെ കേസെടുത്തു. ഇവരെ തിരിച്ചറിയുന്നതിനായി സംഘർഷ ബാധിത പ്രദേശങ്ങളിലെ വീഡിയോ ക്ലിപ്പിംഗുകൾ പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.
എസ്.ഐയെ ആക്രമിച്ച കേസ്: ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ
ഹർത്താൽ ദിനത്തിൽ ആനാട്ട് സ്വകാര്യ പണമിടപാട് സ്ഥാപനം ബലം പ്രയോഗിച്ച് അടപ്പിക്കുന്നതു തടയാൻ ശ്രമിച്ച നെടുമങ്ങാട് എസ്.ഐ സുനിൽ ഗോപിയുടെ കൈ തല്ലിയൊടിക്കുകയും പൊലീസ് വാഹനം തകർക്കുകയും ചെയ്ത കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. ഇര്യനാട് ഊരാളിക്കോണം പഴവിള പുത്തൻവീട്ടിൽ സച്ചു എന്ന കെ. യദുകൃഷ്ണൻ (28), കരിപ്പൂര് വാണ്ട മിനി ഓഡിറ്റോറിയത്തിന് സമീപം ആദിത്യ ഭവനിൽ എ. അഭിരാം (19) എന്നിവരാണ് പിടിയിലായത്. ഇരുവരും ബി.ജെ.പി പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മുപ്പതോളം പ്രതികളാണുള്ളത്.
നെടുമങ്ങാട് ടൗണിലുണ്ടായ അക്രമണവുമായി ബന്ധപ്പെട്ട് കൊല്ലംകാവ് സ്വദേശികളായ രണ്ടു പേരും അറസ്റ്റിലായി. ആർ.ജി ഭനിൽ ആർ. രഞ്ജിത്ത്(30), വൈഗാശിമംഗലം തടത്തരികത്ത് വീട്ടിൽ കെ. ബിജി(36) എന്നിവരാണ് അറസ്റ്റിലായത്. നെടുമങ്ങാട് ഡി.വൈ.എസ്.പി അശോകൻ, സി.ഐ. സജുമോൻ, എസ്.ഐമാരായ അനിൽ കുമാർ, സലിം, ഷാഡോ ടീം അംഗങ്ങളായ ഷാജി, രജേഷ് എന്നിവരാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.