atl04ja
പ്രശാന്തും ശരത്തും.

ആറ്റിങ്ങൽ: മറുനാട്ടിൽ കൈവന്ന മഹാഭാഗ്യം അവ‌ർ പങ്കിടും. അബുദാബി ബിഗ് ലോട്ടറിയിൽ സൂപ്പർ ബമ്പറടിച്ച തിരുവനന്തപുരം സ്വദേശികളായ ശരത് പുരുഷോത്തമനും പ്രശാന്തും സമ്മാനത്തുകയായ 28 കോടി രൂപ (1.5 കോടി ദിർഹം) തുല്യമായി വീതിച്ചെടുക്കും. ദുബായിൽ ഒരേ കമ്പനിയിൽ ജീവനക്കാരും സുഹൃത്തുക്കളുമായ ഇരുവരും തുല്യ തുക പങ്കിട്ടാണ് ടിക്കറ്റെടുത്തത്. കോടീശ്വരന്മാരായി ഇരുവരും ഇന്നലെ നാട്ടിലെത്തിയിട്ടുണ്ട്.

ആറ്റിങ്ങൽ അവനവഞ്ചേരി ഗ്രാമത്തിൻമുക്ക് കണ്ണറമൂലയിൽ പരേതനായ പുരുഷോത്തമന്റെയും ഗീതയുടെയും മകൻ ശരത്തും, ബാലരാമപുരം ഊരൂട്ടമ്പലം ദേവീകൃപയിൽ സുരേന്ദ്രന്റെയും അംബികയുടെയും മകൻ പ്രശാന്തും ലോട്ടറിയിൽ ഭാഗ്യം പരീക്ഷിക്കുന്നത് ഇതാദ്യമല്ല. ചിലപ്പോൾ ടിക്കറ്റ് നിരക്ക് ഒന്നിച്ചു മുടക്കും. ചിലപ്പോൾ വെവ്വേറെ. അബുദാബി ബിഗ് ലോട്ടറി ഓൺലൈൻ ഭാഗ്യക്കുറിയാണ്. തുക മുടക്കുന്നത് ഒരുമിച്ചായാലും ഓൺലൈനിൽ ടിക്കറ്റ് എടുക്കുന്നത് ശരത്താണ്. ഒരു ടിക്കറ്റിന് 9500 രൂപ. കഴിഞ്ഞ ഒക്‌ടോബറിലും നവംബറിലും ഇതുപോലെ ഒരുമിച്ച് ടിക്കറ്റ് എടുത്തിരുന്നെങ്കിലും ഭാഗ്യം തുണച്ചില്ല. നാട്ടിൽ പോയിരുന്ന പ്രശാന്ത് ഡിസംബർ ആദ്യം ഗൾഫിൽ മടങ്ങിയെത്തിയപ്പോൾ സുഹൃത്തുക്കൾ മൂന്നാമതും ഭാഗ്യപരീക്ഷണം നടത്തി.

ടിക്കറ്റ് എടുക്കുന്നതിനു തലേന്നാണ് പ്രശാന്തിന് നാട്ടിൽ പെൺകുഞ്ഞു ജനിച്ചത്. ശ്രീനിധി എന്നു പേരിട്ടു. മകൾ കുടുംബത്തിനു ഭാഗ്യനിധി കൊണ്ടുവരും എന്നു പറഞ്ഞാണ് ടിക്കറ്റ് എടുത്തത്. അതു ഫലിച്ചു. ഇന്നാണ് കുഞ്ഞിന്റെ നൂലുകെട്ട്. ശരത്തിന് പെൺകുഞ്ഞ് ജനിച്ചതും അടുത്തിടെയാണ്. അന്ന്, നൂലുകെട്ടിന് ശരത് നാട്ടിൽ വന്നിരുന്നു. ഭാഗ്യസമ്മാനം കൊണ്ടുവന്നത് പെൺമക്കളെന്ന് ഇരുവരും വിശ്വസിക്കുന്നു. പ്രശാന്ത് 14 വർഷമായും ശരത് 11 വർഷമായും വിദേശത്താണ്. ഇപ്പോൾ ദുബായിൽ ജബൽ അലിയിലെ നാഫ്ക കമ്പനി ജീവനക്കാർ.

ആരതിയാണ് പ്രശാന്തിന്റെ ഭാര്യ. ഒരു മകൻ കൂടിയുണ്ട് പ്രശാന്തിന്- സൂര്യകിരൺ. ശരത്തിന്റെ ഭാര്യ കാർത്തിക. ഭാഗ്യം സമ്മാനിച്ച ഗൾഫിൽ നിന്ന് അടുത്തെങ്ങും സ്ഥിരമായി നാട്ടിലേക്കു ചേക്കേറാൻ എന്തായാലും ശരത്തിനും പ്രശാന്തിനും പരിപാടിയില്ല.