road

കുറ്റിച്ചൽ: കുറ്രിച്ചൽ പഞ്ചായത്തിലെ അഗസ്ത്യ വനമേഖലയിലെ സെറ്രിൽമെന്റുകളിലേക്കുള്ള റോഡുകൾ തകർന്നതിൽ പ്രദേശവാസികൾ വൻ പ്രതിഷേധത്തിൽ. കഴിഞ്ഞ മഴക്കാലത്ത് മഴവെള്ളത്തോടൊപ്പം റോഡിന്റെ പല ഭാഗങ്ങളും ഒലിച്ചുപോയെന്നാണ് അധികൃതരുടെ പക്ഷം. റോഡ് നിർമ്മാണത്തിലെ അപാകതകൾ കാരണമാണ് റോഡ് തകർന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. റോഡ് നിർമ്മിച്ച് അതിന്റെ ബില്ല് മാറുന്നതിന് മുൻപ് തന്നെ റോഡ് തകർന്നു. കമലകത്തും പേപ്പാറ വനമേഖലയിലുമുള്ള കുട്ടികൾക്ക് കിലോമിറ്ററുകളോളം നടന്നാൽ മാത്രമേ സ്കൂളിലേക്ക് പോകാനുള്ള വാഹനത്തിനരികിൽ എത്താനാകൂ എന്ന സ്ഥിതിയിലാണ്. റോഡ് തകർന്നു കിടക്കുന്നതിനാൽ വാഹനങ്ങൾക്ക് ഈ മേഖലയിലൂടെ സഞ്ചരിക്കാനാകില്ല. ആദിവാസി മേഖലകളിൽ വാഹന സൗകര്യം ലഭിക്കാതെ പല കുട്ടികളുടെയും പഠനം മുടങ്ങിയിരിക്കുകയാണ്. ഇവിടെ ഗോത്ര സാരഥി പദ്ധതി പ്രകാരം വാഹനങ്ങൾ വാടകയിനത്തിൽ ഓടുന്നുണ്ട്. എന്നാൽ റോഡുകൾ തകർന്നതോടെ കരാറുകാർ വാഹനം എത്തിക്കാൻ വിസമ്മതിക്കുകയാണ്.

 23ൽപ്പരം സെറ്റിൽമെന്റ് പ്രദേശങ്ങളാണ് കുറ്റിച്ചൽ പഞ്ചായത്ത് പരിധിയിൽ ഉള്ളത്. ചില സെറ്റിൽസെന്റുകളിൽ മാത്രമേ ഗതാഗതയോഗ്യമായ റോഡുകളുള്ളൂ. ത്രിതല പഞ്ചായത്ത് ഫണ്ടുകൾ ഉപയോഗിച്ചാണ് റോഡ് നിർമ്മാണത്തിന് തുക കണ്ടെത്തുന്നത്. എന്നാൽ ഉൾവന പ്രദേശങ്ങൾ ആയതിനാൽ കരാറുകാർ ഗുണമേന്മയില്ലാതെ നിർമ്മാണം നടത്തുന്നതിന്റെ ഫലമായി റോഡുകൾ തകർന്ന് ഗതാഗത യോഗ്യമല്ലാതാകുന്നു.