കഴക്കൂട്ടം: പള്ളിപ്പുറത്ത് പി.ഡി.പി ജില്ലാ സെക്രട്ടറി പാച്ചിറ സലാവുദ്ദീന്റെ വീടിന് നേരെയുണ്ടായ ബോംബേറിൽ വീടിന്റെ മുൻവശത്തെ ഭിത്തിയും ജനാലകളും വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറും തകർന്നു. ഇന്നലെ പുലർച്ചെ 1.45ന് ആയിരുന്നു ആക്രമണം. അണ്ടൂർക്കോണം ഭാഗത്ത് നിന്ന് ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടംഗ സംഘമാണ് ബോംബേറു നടത്തിയത്. അക്രമത്തിൽ ആർക്കും പരിക്കില്ല. ദൃശ്യങ്ങൾ
വീട്ടിലെ സി.സി ടിവി കാമറയിൽ തെളിഞ്ഞിട്ടുണ്ട്. രണ്ടു തവണയായാണ് ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു വീടിനു നേരെ എറിഞ്ഞത്. സലാവുദ്ദീനും കുടുംബവും ആദ്യത്തെ സ്ഫോടന ശബ്ദം കേട്ട് ഉണർന്നതിനു പിന്നാലെയാണ് രണ്ടാമതും അക്രമമുണ്ടായത്. വീടിന്റെ ഒന്നരക്കിലോമീറ്റർ ചുറ്റളവിൽ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. രാത്രിയിലുണ്ടായ ഉഗ്ര സ്ഫോടനം പരിസരവാസികളെ പരിഭ്രാന്തരാക്കി. അക്രമത്തിനുശേഷം ഇരുവരും ബൈക്കിൽ അണ്ടൂർക്കോണം ഭാഗത്തേക്കാണ് മടങ്ങുന്നതും കാമറ ദൃശ്യത്തിലുണ്ട്. വിവരമറിഞ്ഞ് മംഗലപുരം പൊലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികളെ പിടികൂടാനായില്ല. തകർന്ന വീടും കാറും പരിശോധിച്ച പൊലീസ് സംഘം ഫോറൻസിക് വിദഗ്ദ്ധരുടെ സഹായത്തോടെ കൂടുതൽ തെളിവെടുപ്പ് നടത്തി. കഴിഞ്ഞയാഴ്ച തലസ്ഥാനത്ത് നടന്ന യൂത്ത് ലീഗ് മാർച്ചുമായി ബന്ധപ്പെട്ട് വടക്കൻ ജില്ലകളിൽ നിന്നെത്തിയ യൂത്ത് ലീഗ് പ്രവർത്തകരും പി.ഡി.പി പ്രവർത്തകരും തമ്മിൽ കണിയാപുരത്ത് സംഘർഷമുണ്ടായിരുന്നു. അന്ന് ഇരുകൂട്ടർക്കും മർദ്ദനമേറ്റിരുന്നു. അതിന്റെ തുടർച്ചയാകാം ഹർത്താലിന്റെ മറവിൽ ഇന്നലെയുണ്ടായ അക്രമമെന്ന് പൊലീസിനോട് പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുമ്പ് വീടിന് മുന്നിൽ കിടന്ന സലാവുദ്ദീന്റെ കാർ അക്രമികൾ അഗ്നിക്കിരയാക്കിയിരുന്നു. പലതവണ വീടിന് നേരെ അക്രമങ്ങളുണ്ടായിട്ടുണ്ട്. ഈ അക്രമത്തിന് തൊട്ട് മുമ്പ് രാത്രി 12ഓടെ പള്ളിപ്പുറം തോന്നൽ ദേവീക്ഷേത്രത്തിന് മുന്നിലെ ഓല ഷെഡ്ഡ് ആരോ അഗ്നിക്കിരയാക്കി. അതുവഴി വന്ന ഹൈവേ പെട്രോൾ പൊലീസാണ് തീകെടുത്തിയത്.