തിരുവനന്തപുരം: അകക്കണ്ണിന്റെ തിരിവെട്ടത്തിൽ മാത്രം കൺമുന്നിലെ ലോകം തൊട്ടറിഞ്ഞിരുന്ന കുരുന്നുകൾക്ക് കഥയുടെയും കളിചിരികളുടെയും കൂട്ടുമായി ഭാവനയുടെ ജാലകം തുറന്നു നൽകാൻ ഈ പെൺകൂട്ടുകാർ.
കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിലെ കുട്ടികൾക്ക് സ്നേഹവും സൗഹൃദവും പകർന്നു നൽകാൻ എത്തുന്നത് വഴുതക്കാട് കാർമൽ ഗേൾസ് സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥികളാണ്
വഴുതക്കാട് ഗാന്ധി നഗറിലാണ് കാഴ്ചപരിമിതർക്കായുള്ള സർക്കാർ സ്കൂൾ. ആകെ 44 കുട്ടികൾ. വിധി നൽകിയ ഇരുട്ടിൽ ഇവർ ലോകത്തെ അറിയുന്നത് ശബ്ദങ്ങളിലൂടെയും, ബ്രെയിൽ ലിപിയിലുള്ള പാഠപുസ്തകങ്ങളിൽ നിന്നും മാത്രം.വിദ്യാലയത്തിനു പുറത്തെ സമൂഹത്തെക്കുറിച്ചോ ലോകത്തെക്കുറിച്ചോ അറിവില്ലാതെ, ഒറ്റപ്പെട്ടുപോകുന്ന കുരുന്നുകൾക്ക് മാനസിക പിൻബലം നൽകാനുള്ള ശ്രമമാണ് കാർമൽ സ്‌കൂളിലെ വിദ്യാർത്ഥിനികളുടെ സന്ദർശനം.
''എല്ലാ സൗകര്യങ്ങളും ഉള്ളപ്പോഴും പരിമിതികളെക്കുറിച്ച് പരാതിപ്പെടുന്നതാണ് നമ്മുടെ ശീലം. കാഴ്ചയില്ലാത്തവരുടെ ലോകം കണ്ടറിയാനാണ് ടീച്ചർമാർ പറഞ്ഞതനുസരിച്ച് ആദ്യം അവിടെ പോയത്. കാഴ്ച അന്യമായിരുന്നിട്ടും സങ്കടമില്ലാതെ പുഞ്ചിരിക്കുന്ന കുട്ടികളെ കണ്ടപ്പോൾ ബഹുമാനം തോന്നി. അവരെ ഒറ്റപ്പെടുത്തില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു. അങ്ങനെയാണ് എല്ലാ തിങ്കളാഴ്ചയും അവിടെ പോകാൻ തുടങ്ങിയത്"- കാർമൽ സ്‌കൂളിലെ പ്ളസ് വൺ പെൺകൂട്ടം പറയുന്നു.
ഗൗരി ഗോപൻ,കരീമാ തസ്‌നിം, ലക്ഷ്മി കൃഷ്ണ, രേഷ്‌മ പ്രകാശ്, ഗൗരി സി.ശേഖർ, ശ്രീജയ, സ്നേഹ, അഷ്ടമി മോഹൻ,ഗംഗ ശ്രീകുമാർ, ചന്ദ്രേന്ദു ... ഇവരെല്ലാം ചേർന്നാണ് അകക്കണ്ണിന്റെ കാഴ്ചയിൽ മാത്രം ലോകത്തെ അറിഞ്ഞിരുന്നവർക്ക് കഥകളും പാട്ടുകളുമായി പുത്തൻ കൂട്ടിന്റെ ലോകം തുറന്നു നൽകുന്നത്. തങ്ങൾ ഏറ്റെടുത്ത ദൗത്യമറിഞ്ഞ മന്ത്രി കടകംപള്ളി സുരേന്ദ്രനിൽ നിന്ന് അഭിനന്ദനം എത്തിയത് ഇവർക്ക് കൂടുതൽ ഉത്സാഹമേകുന്നു.
ചിത്രം - കാഴ്ച പരിമിതർക്കായുള്ള വഴുതയ്ക്കാട്ടെ സർക്കാർ വിദ്യാലയത്തിലെ കുട്ടികൾക്ക് കാർമൽ സ്‌കൂളിലെ വിദ്യാർത്ഥിനികൾ കഥ പറഞ്ഞു കൊടുക്കുന്നു. ഫോട്ടോ :ദിനു പുരുഷോത്തമൻ