udf

തിരുവനന്തപുരം: യുവതീപ്രവേശനത്തോടെ വഴിത്തിരിവിലെത്തിയ ശബരിമല രാഷ്ട്രീയത്തിൽ ഇനിയുള്ള നീക്കങ്ങൾ തീരുമാനിക്കാൻ യു.ഡി.എഫ് ഏകോപനസമിതി ഇന്ന് ചേരും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ അന്തരീക്ഷം ഇടതുപക്ഷവും ബി.ജെ.പിയും നേർക്കുനേർ എന്ന തോന്നൽ സൃഷ്ടിച്ചെന്ന അഭിപ്രായം യു.ഡി.എഫ് കേന്ദ്രങ്ങളിലുണ്ട്.

ശബരിമലയിലേത് ആചാരമെന്ന് പറഞ്ഞ് കേരളത്തിലെ ബി.ജെ.പി നിലപാടിനെ പ്രധാനമന്തിയും അനുകൂലിച്ചതോടെ, യുവതീപ്രവേശന വിധി മറികടക്കാനുള്ള നിയമ നിർമ്മാണ വഴിയിലേക്ക് കേന്ദ്രം നീങ്ങുമോയെന്ന സംശയം രാഷ്ട്രീയ കേന്ദ്രങ്ങളിലുയർത്തിയിട്ടുണ്ട്. ഇത് മുന്നിൽ കണ്ട്, വിശ്വാസികളുടെ വികാരത്തോടൊപ്പമാണ് തങ്ങളെന്ന് ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്നലെ പാർലമെന്റിൽ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് അംഗങ്ങൾ നിയമനിർമ്മാണം ആവശ്യപ്പെടുകയും ചെയ്തു.

ഇക്കാര്യത്തിലുമുണ്ടായി പക്ഷേ ആശയക്കുഴപ്പം. ഓർഡിനൻസ് കൊണ്ടുവരാനായി പ്രധാനമന്ത്രിയെ കാണണമെന്ന് ഒരു വിഭാഗം നേതാക്കൾ അഭിപ്രായപ്പെട്ടപ്പോൾ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെ അതിന്റെ പ്രത്യാഘാതം ചൂണ്ടിക്കാട്ടി ഭിന്ന നിലപാടെടുത്തു. ഓർഡിനൻസല്ല, നിയമനിർമ്മാണം തന്നെ വേണമെന്നാവശ്യപ്പെടാൻ തീരുമാനിച്ചത് അങ്ങനെയാണ്. നിയമനിർമ്മാണം സഭയിൽ ചർച്ച ചെയ്ത് നടപ്പാവേണ്ടതാണ്. ഓർഡിനൻസ് ആണെങ്കിൽ സഭ ചേരാത്ത സമയത്ത് സർക്കാർ സ്വമേധയാ തീരുമാനിച്ച് രാഷ്ട്രപതിയോട് ശുപാർശ ചെയ്യുന്നതും. അതിനെ അനുകൂലിക്കുന്നത് രാമക്ഷേത്ര വിഷയത്തിലടക്കം ബി.ജെ.പിക്ക് ഉത്തേജനം പകരുമെന്ന കണക്കുകൂട്ടലുണ്ടായി. കേരളത്തിൽ ഇതിനകം തന്നെ ഇടത് നേതൃത്വം ഇത് ആയുധമാക്കുകയും ചെയ്തു. ഇത് ന്യൂനപക്ഷ പിന്തുണയെയടക്കം ബാധിക്കുമെന്ന തോന്നലിലാണ് ഒടുവിൽ നിയമനിർമ്മാണം എന്നതിലേക്ക് കാര്യങ്ങളെത്തിയതെന്നാണ് സൂചന. കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം യുവതീപ്രവേശനത്തെ പിന്തുണച്ചത് നേരത്തേ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

യു.ഡി.എഫ് ഘടകകക്ഷികൾക്കിടയിലും ഓർഡിനൻസ് വാദത്തോട് അഭിപ്രായവ്യത്യാസമുണ്ട്. ബി.ജെ.പി നേട്ടം കൊണ്ടുപോകുന്നെന്ന വിമർശനം ഒഴിവാക്കാനായി നിയമനിർമ്മാണം പാർലമെന്റിൽ ശക്തമായി ഉയർത്താനും ശബരിമല സമരം ശക്തമാക്കാനും ഇന്ന് യു.ഡി.എഫ് യോഗം തീരുമാനിച്ചേക്കും. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അദ്ധ്യക്ഷൻ കെ. മുരളീധരനടക്കമുള്ളവർ സമരം ശക്തമാക്കണമെന്ന നിലപാടിലാണ്.

ഐ.എൻ.എല്ലും ജനാധിപത്യ കേരള കോൺഗ്രസും ഇടതുമുന്നണിയുടെ ഭാഗമായതിനെ തുടർന്നുളവാകുന്ന രാഷ്ട്രീയസാഹചര്യവും മുന്നണിയോഗം ചർച്ച ചെയ്തേക്കും. മാണി ഗ്രൂപ്പിലെയും ലീഗിലെയും അസംതൃപ്തരെ ആകർഷിക്കാൻ ജനാധിപത്യ കേരള കോൺഗ്രസും ഐ.എൻ.എല്ലും ശ്രമിച്ചേക്കുമെന്ന സ്ഥിതിയുമുണ്ട്.