തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിന് പിന്നാലെ നട അടച്ച് ശുദ്ധിക്രിയ നടത്തിയതിന് തന്ത്രിയോട് വിശദീകരണം ചോദിക്കാൻ ഇന്നലെ ചേർന്ന ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു. തന്ത്രി കണ്ഠരര് രാജീവര് 15 ദിവസത്തിനുള്ളിൽ മറുപടി നൽകണം.

തന്ത്രിയുടെ നടപടി സുപ്രീംകോടതി വിധിയുടെ അന്തഃസത്തയ്ക്ക് നിരക്കുന്നതല്ലെന്ന് ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ മാദ്ധ്യമങ്ങളോട് പറ‌ഞ്ഞു. ദേവസ്വം ബോർഡിന്റെ അനുമതി കൂടാതെ നട അടയ്ക്കാനുള്ള അധികാരം തന്ത്രിക്കില്ല. ദേവസ്വം കമ്മിഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം ആവശ്യപ്പെടാൻ തീരുമാനിച്ചത്. മകരവിളക്കുമായി ബന്ധപ്പെട്ട് തന്ത്രി സന്നിധാനത്തായതിനാലാണ് 15 ദിവസത്തെ സാവകാശം അനുവദിച്ചത്. മറുപടി കിട്ടിയ ശേഷം തുടർ നടപടി തീരുമാനിക്കും.

യുവതികൾ ദർശനം നടത്തിക്കഴിഞ്ഞ് തന്ത്രി ഫോണിൽ വിളിച്ചിരുന്നു. ശുദ്ധിക്രിയ നടത്തുന്നതിനെക്കുറിച്ച് സൂചന നൽകി. എന്നാൽ മറുപടി നൽകും മുമ്പ് നട അടയ്ക്കുകയായിരുന്നു. ദേവസ്വം വ്യവസ്ഥകൾക്കനുസരിച്ച് തീർത്തും അവധാനതയോടെയാണ് ഈ പ്രശ്നം ബോർഡ് പരിശോധിച്ചത്.

മകരവിളക്കിന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണം 12ന് ഉച്ചയ്ക്ക് ശേഷം പന്തളം കൊട്ടാരത്തിൽ നിന്ന് ഏറ്റുവാങ്ങും.14ന് വൈകിട്ട് ശബരിമലയിൽ എത്തിക്കും.

ശബരിമലയിൽ ശ്രീലങ്കൻ യുവതി ദർശനം നടത്തിയതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. കാര്യങ്ങൾ വ്യക്തമാവാതെ ഇക്കാര്യം സ്ഥിരീകരിക്കാനാവില്ല. യുവതിയുടെ ശാരീരിക അവസ്ഥയെക്കുറിച്ച് അവർ പറഞ്ഞ കാര്യങ്ങൾ പരിശോധിക്കാൻ ദേവസ്വം ബോർഡിന് കഴിയില്ലെന്നും പത്മകുമാർ പറ‌ഞ്ഞു. ബോർഡ് അംഗങ്ങളായ കെ.പി. ശങ്കരദാസ്, വിജയകുമാർ, കമ്മിഷണർ എൻ. വാസു തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. യോഗത്തിന്റെ റിപ്പോർട്ട് കിട്ടിയാലുടൻ തന്ത്രിക്ക് നോട്ടീസ് അയയ്ക്കുമെന്ന് കമ്മിഷണർ പറ‌ഞ്ഞു.