വെള്ളറട: കാട്ടാക്കട താലൂക്കിലെ വാഴിച്ചൽ വില്ലേജോഫിസിൽ കയറിയിറങ്ങി നട്ടം തിരിയുകയാണ് പ്രദേശവാസികൾ. ഓഫീസിന്റെ പ്രവർത്തനം അവതാളത്തിലായിട്ട് കാലങ്ങളേറെയായി. കള്ളിക്കാട്, അമ്പൂരി പഞ്ചായത്തുകളിലെ റവന്യൂ സംബന്ധമായ ആവശ്യങ്ങൾക്കായി വാഴിച്ചൽ വില്ലേജോഫീസിൽ എത്തുന്നവർക്ക് നിരാശമാത്രമാണ് ബാക്കി. ആഴ്ചകളായി ഓഫീസിലെ പല സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. ഭൂനികുതി അടയ്ക്കാനും റവന്യൂ സംബന്ധമായ കാര്യങ്ങൾക്കും ഓഫീസിലെത്തുന്നവർ അതുപോലെ തിരിച്ചുപോവേണ്ട അവസ്ഥ. മണിക്കൂറുകളോളം കാത്തിനരുന്നാലും യാതോരു ഭലവുമില്ല. കാട്ടാക്കട താലൂക്കിൽ ഏറ്റവും കൂടുതൽ ദൂരം താണ്ടി വില്ലേജോഫീസിൽ എത്തുന്നത് വാഴിച്ചൽ വില്ലേജിലാണ്. ഇവിടുത്തെ പ്രവർത്തനം താറുമാറായിട്ട് കാലങ്ങൾ ഏറെയായി.
അദിവാസികളുടെ ആശ്രയം
അരുവിക്കര നിയോജക മണ്ഡലത്തിന്റെ അതിർത്തിയായ വ്ലാവെട്ടി മുതൽ നെയ്യാർഡാം ക്യാച്ച്മെന്റ് ഏരിയ ഉൾപ്പടെയുള്ള പ്രദേശങ്ങളിലെയും നെയ്യാർ വനത്തിലെ ആദിവാസികളും ആശ്രയമാണ് വാഴിച്ചൽ വില്ലേജോഫീസ്. എന്നാൽ മാസങ്ങൾക്ക് മുൻപ് രിജിസ്റ്റർ ചെയ്ത ആധാരങ്ങൾ പോലും പോക്കുവരവ് ചെയ്ത് നൽകിയിട്ടില്ലെന്നും പരാതിയുണ്ട്. താലൂക്കോഫീസിൽ പരാതിപ്പെട്ടിട്ടും ഫലമില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
എങ്ങുമെത്താതെ പട്ടയവിതരണം
സബ് രജിസ്ട്രർ ഓഫീസുകളിൽ കൈമാറ്റം രജിസ്റ്റർചെയ്ത് വാങ്ങിയ ഭൂമി ഇവിടെനിന്നും പോക്കുവരവ് ചെയ്ത് ലഭിക്കുന്നതിനും ഭൂനികുതി അടച്ചുകിട്ടുന്നതിനും കാലതാമസം നേരിടുന്നു. നെയ്യാർഡാം, അഞ്ചുചങ്ങല പ്രദേശത്തെ നിവാസികൾക്കുള്ള പട്ടയവിതരണത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രദേശത്ത് ഏറ്റവും കൂടുതൽ പട്ടയം ലഭിക്കാനുള്ള നിർദ്ദനരായ ആളുകൾ താമസിക്കുന്ന വില്ലോണ് വാഴിച്ചൽ. നൂറുകണക്കിന് കുടുംബങ്ങൾക്കുള്ള അഞ്ചുചങ്ങല പ്രദേശത്തെ പട്ടയവിതരണം നടക്കാത്തതിലും നാട്ടുകാർക്ക് പ്രതിഷേധമുണ്ട്.
എന്നാൽ വാഴിച്ചൽ വില്ലേജോഫീസിന്റെ പ്രവർത്തനങ്ങളെ കുരിച്ച് നിരന്തരം പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അമ്പൂരി വില്ലേജോഫീസർക്ക് താത്കാലിക ചുമതല നല്കി പ്രശ്നങ്ങൾക്ക് പരിഹരിക്കുന്നതുള്ള നടപടികളാരംഭിച്ചതായി കാട്ടാക്കട താലൂക്ക് അധികൃതർ അറിയിച്ചു.