തിരുവനന്തപുരം : ''ഗുണവാരിധേ,നീ ഗുരുവാകണം ... തുണയാകണം , നീ തണലാകണം " - ഉൾക്കണ്ണിന്റെ കാഴ്ചയിൽ മാത്രം ദൈവത്തെ കാണുന്ന ഒൻപതുവയസുകാരനായ കൃഷ്ണപ്രസാദിന്റെ ഗാനം പാടി മുഴുവിപ്പിക്കവെ സദസിൽ നിറഞ്ഞിരുന്നവരുടെ കണ്ണുകളിൽ നിന്ന് നീർകണങ്ങൾ പൊഴിഞ്ഞു. വേദിയിലുണ്ടായിരുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിനന്ദിക്കാനും മറന്നില്ല. അന്താരാഷ്ട്ര ബ്രെയിൽ ദിനത്തോടനുബന്ധിച്ച് വഴുതക്കാട് ഗാന്ധി നഗറിലുള്ള കാഴ്ച പരിമിതർക്കുവേണ്ടിയുള്ള സർക്കാർ വിദ്യാലയത്തിൽ നടന്ന ഉദ്ഘാടന പരിപാടിയിലായിരുന്നു ഈ രംഗം. കാഴ്ച പരിമിതർക്കുവേണ്ടിയുള്ള സർക്കാർ വിദ്യാലയത്തിലെ നാലാം ക്ലാസുകാരനാണ് കൃഷ്ണപ്രസാദ്. സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിലെ മിമിക്രി മത്സരത്തിൽ ഒന്നാം സ്ഥാനം കൃഷ്ണപ്രസാദിനായിരുന്നു. ശംഖുനാദവും ,വെടിക്കെട്ടുമടക്കം നിരവധി ശബ്ദങ്ങൾ തനത് രീതിയിൽ കൃഷ്ണപ്രസാദ് വേദിയിൽ അവതരിപ്പിച്ചപ്പോൾ സദസിൽ നിറഞ്ഞ കൈയടി.കൊല്ലം തേവള്ളിയിലാണ് വീട്. അച്ഛൻ സുഗുണനും കാഴ്ച പരിമിതിയുണ്ട്. ശങ്കരമംഗലം ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകനാണ്. അമ്മ ജയലക്ഷ്മി ഗായികയാണ്. കണ്ണടയുടെ സഹായത്തോടെ ഇരുപത് ശതമാനം കാഴ്ച കൃഷ്ണപ്രസാദിനുണ്ടെന്ന് അദ്ധ്യാപകർ പറഞ്ഞു.